ചര്‍ച്ചയ്ക്കു വേണ്ടി ഇറാനുമേലുള്ള ഉപരോധം എടുത്തുമാറ്റില്ലെന്ന് യു.എസ്
വാഷിങ്ടണ്‍: ആണവ പദ്ധതികളുടെ കാര്യത്തില്‍ കരാറിലെത്തുകയാണെങ്കില്‍ ഇറാനുമേലുള്ള ഉപരോധങ്ങള്‍ യു.എസ് പിന്‍വലിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന്. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ യു.എസ് പ്രസിഡന്റ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് റേഡിയോ ഫ്രീ യൂറോപ്പിനോട് ബോള്ട്ടന് ഇക്കാര്യം പറഞ്ഞത്.
ജി-7 ഉച്ചകോടിക്കിടെ ഇറാന് ഏറെ മാറിയിട്ടുണ്ടെന്നു പറഞ്ഞ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഉപരോധം എടുത്തുമാറ്റുകയാണ് കൂടിക്കാഴ്ചയിലേക്കുള്ള ആദ്യ പടിയെന്ന് റൂഹാനി വ്യക്തമാക്കിയിരുന്നു. ഉപരോധം പിന്‍വലിക്കുകയും തെറ്റായ മാര്‍ഗം യു.എസ് ഉപേക്ഷിക്കുകയും ചെയ്തെങ്കിലേ അനുകൂല പുരോഗതി ഇക്കാര്യത്തിലുണ്ടാവൂവെന്നും റൂഹാനി പറഞ്ഞിരുന്നു.
അതേസമയം ചര്‍ച്ചയ്ക്കു വേണ്ടി ഉപരോധം എടുത്തുമാറ്റാന്‍ യു.എസ് തയാറല്ലെന്നാണ് ബോള്ട്ടന് പറയുന്നത്. കരാറിലെത്താന്‍ സാധിച്ചാല്‍ ഉപരോധം എടുത്തുമാറ്റുമെന്ന് ഉറപ്പാണ്. ആ കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഇറാന് ഭരണകൂടം തയാറാണെങ്കില്‍ കൂടിക്കാഴ്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപും റൂഹാനിയും തമ്മില്‍ ചര്‍ച്ച നടന്നാലും ഇറാനോടുള്ള യു.എസ് സമീപനം മാറില്ല. ആണവ ഇറാനെ തടയാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ബോള്ട്ടന് വ്യക്തമാക്കി.
ഭീകരത സ്പോണ്സര് ചെയ്യുന്ന ഇറാന് ലോകത്ത് എവിടെയും ഭീകരപ്രവര്‍ത്തനം നടത്താന്‍ പാടില്ല. ആണവായുധം അവരുടെ അടുത്തുണ്ടാവാനും പാടില്ല. വൈകാതെ ഇതു സാധ്യമാകുമെന്നാണ് കരുതുന്നത്. ഇറാന് ഒരു തീരുമാനമെടുക്കേണ്ട സമയമാണിത്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."