ഹോങ്കോങ്ങില്‍ ജനാധിപത്യ പ്രക്ഷോഭ നേതാക്കള്‍ അറസ്റ്റില്‍
സെന്‍ട്രല്‍(ഹോങ്കോങ്ങ്): ഹോങ്കോങ്ങില്‍ ജനാധിപത്യ പ്രക്ഷോഭത്തെ നയിക്കുന്ന ഡെമോസിസ്‌റ്റോ പാര്‍ട്ടി നേതാക്കളായ ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. നിയമവിരുദ്ധമായ സംഘംചേരലിന് പ്രേരണ നല്‍കിയെന്നതാണ് വോങ്ങും ചൗവും ചെയ്ത കുറ്റം. ജൂണ്‍ 21ന് നടന്ന പ്രകടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലിസ് ആരോപിക്കുന്നു. സ്വതന്ത്ര ആക്റ്റിവിസ്റ്റായ ആന്‍ഡി ചാനെ വ്യാഴാഴ്ച ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.
നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കിയതായി റിപോര്‍ട്ടുണ്ട്. അതേസമയം വോങ്ങിനെയും ചൗവിനെയും 1,200 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും വോങ്ങ് മാധ്യമങ്ങളോടു പറഞ്ഞു.
2014ല്‍ രാജ്യത്ത് ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയതിന്റെ വാര്‍ഷികദിനമാണ് ഓഗസ്റ്റ് 31. അതിനാല്‍ ഇന്ന് കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന് വിലക്കുണ്ട്.
നേതാക്കളെയെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യുകയാണ് പൊലിസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് പറയുന്നു.
അതിനിടെ ചൈനയ്‌ക്കെതിരേ അതിശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്വയംഭരണാധികാരമുള്ള പ്രവിശ്യയായ ഹോങ്കോങ്ങിലേക്ക് ചൈനീസ് സൈന്യം നീങ്ങുന്നതായി റിപോര്‍ട്ടുണ്ട്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തില്‍ അയവില്ലാത്ത സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങുന്നത്. എന്നാല്‍ ഇത് സംഘര്‍ഷം വഷളാക്കിയേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."