നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമം; ഗുത്താജെ പാലം പൂര്‍ത്തിയായി
സ്വര്‍ഗ: ഗുത്താജെ പാലത്തിനായുള്ള വാണിനഗര്‍ വാസികളുടെ 23 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. എന്മകജെ വാണിനഗര്‍ റോഡിനെ ബദിയടുക്കയുമായി ബന്ധിപ്പിക്കുന്ന ഗുത്താജെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലത്തിനു വേണ്ടി രണ്ടു ദശാബ്ദം മുമ്പു തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റിയുണ്ടാക്കി ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ബീജതകട്ട ഗുത്താജെ തോടിന് കുറുകെ 90 ലക്ഷം രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ചെറുകിട ജനസേചന വകുപ്പ് പാലത്തോടപ്പം ഡാമിന്റെ പണിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബീജതകട്ട, ഗുത്താജെ ഭാഗങ്ങളിലെ 1200 ഏക്കറിലധികം കൃഷിക്ക് ഇനി ഇതില്‍ നിന്നു ജലം ലഭിക്കും. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എന്മകജെ, ബെള്ളൂര്‍, ബദിയടുക്ക പഞ്ചായത്തിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് ഗതാഗത സൗകര്യമായിരിക്കുന്നത്.
വാണിനഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലെത്താന്‍ കവുങ്ങിന് പാലത്തിലൂടെ ഭയപ്പാടോടെ നടക്കേണ്ടതില്ലെന്നതും രക്ഷിതാക്കള്‍ക്ക് ആശ്വാസമാവുന്നു. നേരത്തെ ഇതിലൂടെ കടക്കാന്‍ ചെറിയ ക്ലാസിലെ കുട്ടികളടക്കമുള്ളവര്‍ക്കു ഭയമായിരുന്നു. മഴക്കാലമായാല്‍ വഴുതി വീണുള്ള അപകടങ്ങളും പതിവായിരുന്നു.
രക്ഷിതാക്കള്‍ നേരിട്ടെത്തിയാണു വിദ്യാര്‍ഥികളെ അക്കരെ കടത്തിയിരുന്നത്. നിലവില്‍ വാണിനഗര്‍ ഭാഗത്തുള്ളവര്‍ക്ക് ബദിയടുക്കയിലും കാസര്‍കോട് നഗരത്തിലും എത്തണമെങ്കില്‍ സ്വര്‍ഗ-പെര്‍ള വഴിയാണ് ഉപയോഗിക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നതോടെ 12 കിലോമീറ്റര്‍ ദൂരം കുറച്ചു യാത്ര ചെയ്തു ബദിയടുക്കയിലും കാസര്‍കോടും എത്താം. വാണിനഗര്‍ ഭാഗത്തു നിന്ന് നൂറുമീറ്ററും ബദിയടുക്ക ഭാഗത്ത് 3.5 കി.മീറ്ററും റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കാനുണ്ട്. ഈ പണി പൂര്‍ത്തിയാക്കി മഴക്കാലമവസാനിക്കുന്നതോടെ പാലം പൊതുജനങ്ങള്‍ക്കായി തുറന്നകൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."