അകക്കണ്ണില്‍ തെളിയുന്നത് സംഗീതത്തിന്റെ വെളിച്ചം
നീലേശ്വരം: മാന്ത്രികത സൃഷ്ടിക്കുന്ന ഈ വിരലുകളും മനംകുളിര്‍പ്പിക്കുന്ന ഈ ഗാനമാധുര്യവും ഒരു അതിജീവനത്തിന്റെ ഫലമാണ്. പരേതനായ ജോണി-ഏലിയാമ്മ ദമ്പതികളുടെ മക്കള്‍ ബങ്കളം അങ്കക്കളരിയിലെ അഭിയും അഞ്ജുവും അന്ധത നിറഞ്ഞ ചുറ്റുവട്ടത്തെ സംഗീതത്തിന്റെ കിരണങ്ങളാല്‍ പ്രകാശഭരിതമാക്കുന്നത് ഈ അതിജീവത്തിലൂടെയാണ്. തിരിച്ചറിയാനുള്ള പ്രായംതൊട്ട് ഇരുട്ടിനൊപ്പമാണ് ഇവരുടെ ജീവിതം. ചെറുപ്പം മുതല്‍ സംഗീതത്തോടു താല്പര്യമുള്ള അഞ്ജു ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാനമേളകളില്‍ ഉള്‍പ്പെടെ പങ്കെടുക്കാനും അഞ്ജുവിനു കഴിയുന്നു. അഭിയാകട്ടെ കീബോര്‍ഡിലാണ് പ്രാവീണ്യം തെളിയിച്ചത്. അഞ്ജുവിന്റെ പാട്ടിനു കീബോര്‍ഡ് വായിക്കുന്നത് അഭിയാണ്. വെവേറെ കോളേജുകളിലും സ്കൂളിലുമായതിനാല് അവധി ദിനങ്ങളില്‍ വീട്ടിലെത്തിയാല്‍ മാത്രമേ ഇവര്‍ ഒന്നിച്ചുണ്ടാകൂ. അത്തരം ദിവസങ്ങളില്‍ വീട്ടില്‍ ഗാനമേളയാണ്. ചെറുപ്പത്തില്‍ കുട്ടികള്‍ സൂര്യനെ കണ്ണിമ ചിമ്മാതെ നോക്കിനില്ക്കുന്നത് അത്ഭുതത്തോടെയാണു രക്ഷിതാക്കള്‍ കണ്ടത്. പിന്നീടാണ് കാഴ്ചശക്തി ഇല്ലാത്തതു മനസ്സിലായത്. വിദഗ്ദ ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും കണ്ണിലേക്കുള്ള ഞരമ്പിനാണു പ്രശ്നമെന്നതിനാല്‍ ഓപറേഷനിലൂടെ പരിഹരിക്കാന്‍ കഴിയില്ല.
നിലവില്‍ കോട്ടയം ഗവ. കോളജില്‍ ജിഗ്രി ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അഭി. കോട്ടയത്തു തന്നെ അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇത്തവണ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ അഞ്ജുവിനു മികച്ച വിജയമാണുണ്ടായത്. ആറു വിഷയത്തില്‍ എ പ്ലസ് നേടിയാണ് അഞ്ജു വിജയിച്ചത്. നേരത്തെ കോട്ടയത്തായിരുന്ന ഈ കുടുംബം ഇപ്പോള്‍ അങ്കക്കളരിയിലേക്കു താമസം മാറിയിട്ടു രണ്ടു വര്‍ഷത്തോളമായി. അഞ്ജു എട്ടില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപ്പെട്ടു.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സായ അമ്മ ഏലിയാമ്മയുടെയും മേമയുടെയും സംരക്ഷണത്തിലാണ് ഇവരിപ്പോള്‍. പഠനത്തോടൊപ്പം സംഗീതവും ഒന്നിച്ചു കൊണ്ടുപോകാനാണ് ഈ സഹോദരങ്ങളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."