ജനറല്‍ ആശുപത്രി ഡേ കെയര്‍ യൂനിറ്റ് പുലിക്കുന്നിലേക്കു മാറ്റാന്‍ നീക്കം
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ യൂനിറ്റ് പുലിക്കുന്നിലേക്കു മാറ്റാന്‍ നീക്കം. എന്‍ഡോസള്‍ഫാന്‍ ബാധിതരടക്കമുള്ള ശാരീരിക മാനസിക വൈകല്യം ബാധിച്ച കുട്ടികളെ പരിപാലിക്കാനായി എട്ടു വര്‍ഷത്തിലധികമായി ജനറല്‍ ആശുപത്രിയിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ യൂനിറ്റാണ് പുലിക്കുന്നിലേക്കു മാറ്റുന്നത്. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ഇതിന്റെ ഭാഗമായി ഇവിടെ ചികിത്സക്കെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇവിടെ നിന്നു യൂനിറ്റ് മാറ്റുമെന്നാണ് യോഗത്തില്‍ അറിയിച്ചത്.
പുലിക്കുന്ന് ഗസ്റ്റ് ഹൗസിനു മുന്‍വശം നഗരസഭയുടെ കീഴിലുള്ള അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ രണ്ടാം നിലയിലേക്കാണു യൂനിറ്റ് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ എങ്ങനെയാണ് ഇവിടേക്കെത്തിക്കുകയെന്ന ആശങ്കയിലാണു രക്ഷിതാക്കള്‍.
സൈക്കോളജിസ്റ്റിന്റേതടക്കമുള്ള തസ്തികകള്‍ ഇപ്പോഴും ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഡേ കെയര്‍ യൂനിറ്റ് ആശുപത്രിയുടെ കീഴിലല്ലെന്നും നഗരസഭയ്ക്കാണ് ഇതിന്റെ മേല്നോട്ടമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."