ചാംപ്യന്‍സ് ലീഗ് ബാഴ്‌സ - ഇന്റര്‍ പോര്
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് രാത്രി 12. 30ന് ബാഴ്‌സലോണയും ഇന്റര്‍മിലാനും തമ്മില്‍ ഏറ്റുമുട്ടും. പരുക്കേറ്റ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇല്ലാതെയാണ് കാറ്റാലന്‍ സംഘം ഇന്ററിനെ എതിരിടുന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബാഴ്‌സലോണയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പരുക്കേറ്റ ബെല്‍ജിയം താരം നൈങ്കോളനും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. പരുക്കേറ്റ താരത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്റര്‍ താരങ്ങളായ ക്രൊയേഷ്യന്‍ താരം പെരിസിച്ച്, ബ്രൊസോവിച്ച് എന്നിവരും ബാഴ്‌സക്കെതിരേ കളിക്കില്ലെന്നാണ് സൂചന. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനവും പി.എസ്.വി ഐന്തോവനും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് മത്സരങ്ങള്‍ കളിച്ച ഇരു ടീമുകള്‍ക്കും പൂജ്യം പോയിന്റാണുള്ളത്. ഇരുടീമുകളും ടൂര്‍ണമെന്റിലെ ആദ്യ ജയത്തിനുവേണ്ടിയായിരിക്കും ഇന്ന് പോരാടുക. രാത്രി 10. 25നാണ് മത്സരം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ക്ലബ് ബ്രഗയും മോണോക്കോയും തമ്മിലാണ് മത്സരം. ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇരു ടീമുകള്‍ക്കും പൂജ്യം പോയിന്റാണുള്ളത്. ഗ്രൂപ്പ് സിയില്‍ ഇന്നൊരു ക്ലാസിക് പോരാട്ടം പ്രതീക്ഷിക്കാം. ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയും ഇറ്റാലിയന്‍ ശക്തികളായ നാപോളിയും തമ്മിലാണ് മത്സരം. പി.എസ്.ജി യുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പില്‍ നാലു പോയിന്റുമായി നാപോളിയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് പോയിന്റുള്ള പി.എസ്.ജി മൂന്നാം സ്ഥാനത്താണ്. രക്ഷപ്പെടണമെങ്കില്‍ പി.എസ്.ജിക്ക്് ഇന്ന് നാപോളിക്കെതിരേ ജയിച്ചേ തീരൂ എന്ന സ്ഥിതിയാണ്.
ജര്‍മന്‍ ക്ലബ്ബായ ബെറൂസിയ ഡോര്‍ട്മുണ്ടും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരം. ആറ് പോയിന്റുമായി ഡോര്‍ട്മുണ്ടാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അത്‌ലറ്റിക്കോക്കെതിരേ സമനില നേടിയാലും ഡോര്‍ട്മുണ്ടിന് രണ്ടാം റൗണ്ടില്‍ പ്രവേശിക്കാനാകും. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോക്കും ആറ് പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് ഡോര്‍ട്മുണ്ട് മുന്നിട്ട് നില്‍ക്കുന്നത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂള്‍ റഡ്സ്റ്റാറിനെ നേരിടും. ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ഇന്ന് ജയം നിര്‍ബന്ധമാണ് എന്ന സ്ഥിതിയിലാണുള്ളത്. യുവേഫാ നാഷന്‍സ് കപ്പിനിടെ പരുക്കേറ്റ നാബി കേറ്റയും ഹെര്‍ണാണ്ടസും ഇന്ന് ലിവര്‍പൂള്‍ നിരയിലുണ്ടാകില്ല. ഇത് ലിവര്‍പൂളിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.
ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ലോകോമോട്ടീവ് മോസ്‌കോയും പോര്‍ട്ടോയും തമ്മിലാണ് മത്സരം. നാല് പോയിന്റുമായി പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍കുന്നത്. കരുത്തരില്ലാത്ത ഗ്രൂപ്പായതിനാല്‍ ഡി ചെറു ടീമുകള്‍ തമ്മിലുള്ള മികച്ചൊരു പോരാട്ടം ഗ്രൂപ്പ് ഡിയില്‍ പ്രതീക്ഷിക്കാം. മറ്റൊരു മത്സരത്തില്‍ ഗലാത്സറെയും ഷാല്‍ക്കെയും തമ്മിലാണ് മത്സരം. നാലു പോയിന്റുമായി ഷാല്‍ക്കെയാണ് ഡി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."