രണ്ടാമങ്കം ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്
വിശാഖപട്ടണം: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. ഉച്ചയ്ക്ക് 1.30നാണ് കളി ആരംഭിക്കുന്നത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനെത്തുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ അനായാസമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ഇന്ത്യക്ക് വലിയ വിജയ ലക്ഷ്യം നല്‍കിയെങ്കിലും കോഹ്‌ലിയും രോഹിത്തും ചേര്‍ന്ന് റണ്‍മല കീഴടക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബൗളിങിലെ പോരായ്മകൊണ്ടായിരുന്നു ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വന്നത്. ബാറ്റിങ് നിര മികച്ച നിലയില്‍ ബാറ്റ്‌വീശുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ ബൗളിങ് നിര കൃത്യതയോടെ പന്തെറിഞ്ഞാല്‍ ഒരു പക്ഷെ രണ്ടാം ഏകദിനവും ഇന്ത്യക്ക് സ്വന്തം വരുതിയിലാക്കാനാകും.
ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിന് മൂര്‍ച്ച കുറവാണെന്ന് വിന്‍ഡീസ് കാണിച്ചുതരുന്ന രീതിയിലായിരുന്നു ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രതികരണം. ആദ്യ മത്സരത്തില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമദ് എന്നിവരാണ് പേസ് വിഭാഗം കൈകാര്യം ചെയ്തത്. ഇവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി വീഴ്ത്താനായത് മൂന്നു വിക്കറ്റ് മാത്രമാണ്. മൂന്നു പേരും തങ്ങളുടെ 30 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 209 റണ്‍സും വഴങ്ങേണ്ടി വന്നു. മികച്ച ബാറ്റിങ് നിര അല്ലാതിരുന്നിട്ടുപോലും വിന്‍ഡീസിന് ആദ്യ മല്‍സരത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത് ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയില്ലായ്മയെ തുറന്നു കാണിക്കുന്നു. ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ഇലവനെത്തന്നെ രണ്ടണ്ടാം ഏകദിനത്തിലും ഇന്ത്യ ഇറക്കാനുള്ള സാധ്യത കുറവാണ്. വിശാഖപട്ടണത്തെ പിച്ച് സ്പിന്‍ ബൗളിങിനെ തുണക്കുന്നത് ആയതിനാല്‍ ഒരു പേസര്‍ക്കു പകരം കുല്‍ദീപിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടണ്ട്. കുല്‍ദീപ് ടീമിലെത്തിയാല്‍ ഉമേഷ് യാദവിനോ ഖലീല്‍ അഹമദിനോ ആയിരിക്കും സ്ഥാനം നഷ്ടമാകുക. അതേസമയം, വിന്‍ഡീസിന്റെ പ്ലെയിങ് ഇലവനില്‍ മാറ്റമുണ്ടാവില്ലെന്നാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."