നോക്കുകുത്തിയായി അരൂക്കുറ്റിയിലെ പൊലിസ് ഔട്ട് പോസ്റ്റ്
പൂച്ചാക്കല്‍: അരൂക്കുറ്റിയിലെ പൊലിസ് ഔട്ട് പോസ്റ്റ് കെട്ടിടം നോക്കുകുത്തിയായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മാണം തുടങ്ങി പാതിവഴിയിലായ അരൂക്കുറ്റി പാലത്തിനു സമീപത്തെ പൊലിസ് ഔട്ട് പോസ്റ്റ് കെട്ടിടമാണ് കാഴ്ചവസ്തുവായി നില നില്‍ക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ യാതൊരു നടപടിയുമില്ല. പൂച്ചാക്കലില്‍ വ്യവസായം തുടങ്ങാനെത്തിയ സ്വകാര്യ കമ്പനിയുടെ ചെലവില്‍ നിര്‍മിക്കാനായിരുന്നു ലക്ഷ്യം. കമ്പനി പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചതോടെ ഔട്ട് പോസ്റ്റ് കെട്ടിട നിര്‍മാണവും ഉപേക്ഷിച്ചു. വശങ്ങളില്‍ ഭിത്തിയും മേല്‍ക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി,വെള്ളം, വാതില്‍, ജനല്‍ എന്നിവയും സ്ഥാപിച്ചാല്‍ കെട്ടിടം പൂര്‍ണമാകും. ഇതിന് വര്‍ഷങ്ങളായി പൊലിസ് അധികാരികള്‍ ശ്രമിക്കുന്നേയില്ല.പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷന്റെ അതിര്‍ത്തിയും ജില്ലയുടെയും അതിര്‍ത്തിയുടെ സമീപവുമാണ് അരൂക്കുറ്റി.
എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ വണ്ടികള്‍,കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നു സംഘങ്ങള്‍,സാമൂഹ്യവിരുദ്ധര്‍ തുടങ്ങിയവയെത്തുന്നത് അരൂക്കുറ്റി പാലം വഴിയാണ്. ചിലര്‍ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്ത് ഭാഗങ്ങളില്‍ താവളമടിക്കുന്നുമുണ്ട്.
അരൂക്കുറ്റിയില്‍ പരിശോധനയുണ്ടായാല്‍ ഇവയെല്ലാം നിയന്ത്രിക്കാനാകുമെന്നു നാട്ടുകാര്‍ പറയുന്നു.
കൂടാതെ അരൂക്കുറ്റിയില്‍ വഞ്ചിവീട് കേന്ദ്രം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ തിരക്കേറും. അപ്പോള്‍ പൊലിസ് ഔട്ട് പോസ്റ്റ് അത്യാവശ്യമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."