ഒരേയൊരു വാന്‍ഡിക്ക്
മ്യൂണിക്: 2010-11 സീസണ്‍ മുതല്‍ കഴിഞ്ഞ സീസണ്‍ വരെ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരങ്ങള്‍ കൈപ്പിടിയിലൊതുക്കിയിരുന്നത് ലോകം വാഴ്ത്തപ്പെട്ട, ആക്രമണക്കുന്തമുനയുടെ ഈറ്റില്ലമായ സ്‌ട്രൈക്കര്‍മാരായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മ്യൂണിക്കില്‍ താരത്തെ പ്രഖ്യാപിച്ചപ്പോള്‍ ആ മുന്‍വിധി ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ കാവല്‍ക്കാരന്‍ വിര്‍ജില്‍ വാന്‍ഡിക്ക് അങ്ങ് പൊളിച്ചടുക്കി. ഒടുവില്‍ യൂറോപ്പ്യന്‍ വമ്പന്‍മാരെ പിന്നിലാക്കി യുവേഫ മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ലിവര്‍പൂളിന്റെ, ഹോളണ്ട് ദേശീയ ടീമിന്റെ ചരിത്രമെഴുതാനും ഈ 28 കാരന് കഴിഞ്ഞു.
ഏറ്റവും കൂടൂതല്‍ തവണ പുരസ്‌കാരം നേടിയ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും (3 തവണ) അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും (2 തവണ) തട്ടി മാറ്റിയാണ് താരത്തിന്റെ രംഗപ്രവേശം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കളിക്കാരില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് വാന്‍ഡിക്ക്. ചാംപ്യന്‍സ് ലീഗ് സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും വാന്‍ഡിക്ക് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും മാത്രമല്ല, ദേശീയ ടീമിനും വേണ്ടി ഈയിടെ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരനേട്ടത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും പ്രീമിയര്‍ ലീഗ് ഫൈനലിലേക്കും നയിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വാന്‍ ഡിജിക്ക് യുവേഫ നാഷന്‍സില്‍ ഹോളണ്ടിനെ ഫൈനല്‍ വരെ എത്തിച്ചു.
കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരത്തിനുള്ള അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. അതോടെ 2011-12 വര്‍ഷത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രതിരോധ താരമായി വാന്‍ ഡിക്ക് മാറിയിരുന്നു. സിറ്റിയുടെ വിന്‍സെന്റ് കൊംപാനിയാണ് അന്ന് പുരസ്‌കാരത്തിനര്‍ഹനായത്. കഴിഞ്ഞ സീസണിലെ പി.എഫ്.എ കളിക്കാരിലെ കളിക്കാരന്‍, ലിവര്‍പൂളിലെ മികച്ച താരം, ഫാന്‍സ് പ്ലയര്‍ എന്നീ അവാര്‍ഡും താരം ഈ വര്‍ഷമാദ്യം ഏറ്റുവാങ്ങിയിരുന്നു.
ഫ്രഞ്ച് ക്ലബ്ബ് ഒളിംബിക് ലിയോണിന്റെ ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം. മികച്ച മുന്നേറ്റ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കി. സാദിയാ മാനെയെ (109 പോയിന്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സി (285) ഈ നേട്ടം എത്തിപ്പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."