റിക്കവറി വാഹനങ്ങളില്ല; പൊലിസിന് തലവേദനയാകുന്നു
തുറവൂര്‍: അഗ്നിരക്ഷാസേനയ്ക്ക് റിക്കവറി വാഹനങ്ങളില്ലാത്തത് പൊലിസിന് തലവേദനയാകുന്നു. ചേര്‍ത്തല, അരൂര്‍ ഫയര്‍സ്റ്റേഷനുകളിലാണ് റിക്കവറി വാഹനങ്ങള്‍ ഇല്ലാത്തത്. ഇതുമൂലം ദേശിയ പാതയില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഉയര്‍ത്തി മാറ്റാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളമുണ്ടാക്കുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ പൊലിസും നാട്ടുകാരും വളരെയധികം ക്ലേശിക്കുന്ന സ്ഥിതിയാണ്.
അപകടത്തില്‍പ്പെട്ട കാര്‍ ദേശീയപാതയ്ക്ക് നടുവില്‍ മൂന്ന് മണിക്കൂര്‍ കിടന്നതാണ് അവസാന സംഭവം. കഴിഞ്ഞ ദിവസം രാത്രി 12ന് കോടംതുരുത്ത് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകുകയായിരുന്ന ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്.
ദേശിയ പാതയിലെ വെള്ളക്കെട്ടില്‍ ചാടി നിയന്ത്രണം തെറ്റി മീഡിയനില്‍ ഇടിച്ച് മറിഞ്ഞ കാര്‍ മറുഭാഗത്തെ പാതയ്ക്ക് നടുവിലായി നിന്നു. യാത്രക്കാര്‍ക്ക് നിസാര പരുക്കുകളേ സംഭവിച്ചുള്ളൂ. റിക്കവറി വാഹനത്തിനായി ചേര്‍ത്തല, അരൂര്‍ ഫയര്‍സ്റ്റേഷനുകളിലേക്ക് വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് കുത്തിയതോട് പൊലിസ് ഗതാഗതം നിയന്ത്രിച്ചു തുടങ്ങി. പുലര്‍ച്ചെ മൂന്നിന് കമ്പനിയില്‍ നിന്നും ആളെത്തിയ ശേഷമാണ് കാര്‍ റോഡരികിലേക്ക് മാറ്റിയത്. ഇത്തരത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ പോലിസും നാട്ടുകാരുമാണ് വലയുന്നത്. റിക്കവറി വാഹനം ചേര്‍ത്തലയില്‍ മാത്രമാണുണ്ടായിരുന്നതെന്നും അത് കാലപ്പഴക്കംമൂലം ലേലത്തില്‍ വിറ്റുവെന്നും ചേര്‍ത്തല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.സന്തോഷ് പറഞ്ഞു. പുതിയ വാഹനം ലഭിക്കാതെ മറ്റു മാര്‍ഗമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."