നാഗാലന്‍ഡിലും കലാപശ്രമത്തിന് പാക് സൈന്യത്തിന്റെ ശ്രമമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കശ്മിരിന് പുറമെ നാഗാലന്‍ഡിലും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക് സൈന്യത്തിന്റെ ഒത്താശയോടെ ശ്രമം തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ജമ്മുകശ്മിരിനു പുറമെ നാഗാലന്‍ഡിലും പാകിസ്താന് ഇടപെടാന്‍ ശ്രമം നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം പറയുന്നു.
പാക് അധീന കശ്മിരില്‍ ചിത്രീകരിച്ച വിഡിയോകള്‍ ജമ്മുവിലും നാഗാലന്‍ഡിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പാക് അധികൃതര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ യൂനിഫോമെന്ന് തോന്നിക്കുന്ന വസ്ത്രം ധരിച്ചവര്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. കൃത്രിമമായി സൃഷ്ടിച്ച ഇത്തരം ദൃശ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് നാഗാലന്‍ഡ് സ്വാതന്ത്രമാകണമെന്ന് വാദിക്കുന്ന വിമത സായുധ സംഘങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പാക് അധികൃതര്‍ എത്തിക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.
കശ്മിര് താഴ്വരയില് കഴിഞ്ഞ അഞ്ചിന് നിര്‍ത്തിവച്ച ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ പാകിസ്താന് നടത്തുന്ന ഇത്തരം പ്രചാരണങ്ങളാണ് ജമ്മുകശ്മിരില് പൂര്‍ണമായും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തടസമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."