സെന്റര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ക്ക് 13 വരെ തല്‍സ്ഥിതി തുടരാമെന്ന് കോടതി
കൊച്ചി: എം.ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ അടച്ചു പൂട്ടാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ നല്‍കിയ ഹരജിയില്‍ ജൂണ്‍ 13 വരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കലക്ടറുടെ ഉത്തരവ് കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ ഇന്നലെ നടപ്പാക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു വന്നതോടെ ജൂണ്‍ 13 വരെ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.
ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ എന്‍.ഒ.സിയില്ലാതെയാണ് മാളിലെ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ജില്ലാ കലക്ടര്‍ ഇവ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മാളിന്റെ ഉടമസ്ഥരായ പീവീസ് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് സിങ്കില്‍ബെഞ്ച് ഉത്തരവ്. ദേശീയ ബില്‍ഡിങ് ് കോഡനുസരിച്ച് ആളുകള്‍ കൂട്ടത്തോടെ ഒത്തുചേരുന്ന തിയേറ്റര്‍ പോലെയുള്ളവ 30 മീറ്ററിലേറെ ഉയരത്തില്‍ സ്ഥാപിക്കുന്നത് അനുവദിക്കില്ല.
എന്നാല്‍ സെന്റര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്‌ളക്‌സ് തിയേറ്ററുകള്‍ 40 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അഗ്‌നിശമനാ സേനാ വിഭാഗം എന്‍.ഒ.സി നിഷേധിച്ചത്. എന്നാല്‍ ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കലക്ടര്‍ അടച്ചു പൂട്ടല്‍ ഉത്തരവു നല്‍കിയതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."