ഭൂസേവനങ്ങള്‍ ഇനി തൊട്ടറിയാം
കോഴിക്കോട്: ഭൂമി സംബന്ധമായ സേവനങ്ങള്‍ ഇനി തൊട്ടറിയാം. സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ ഉണ്ടെങ്കില്‍ വില്ലേജ് ഓഫിസില്‍ പോകാതെത്തന്നെ ഇനി ഭൂനികുതി ഓണ്‍ലൈന്‍ ആയി അടക്കാം. അതിനായി www.revenue.keralagov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ഭൂമി സംബന്ധമായ രേഖകള്‍, മുന്‍ വര്‍ഷം ഭൂനികുതി അടച്ചതിന്റെ വിശദാംശം, ഭൂവുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ആധാര്‍ കാര്‍ഡ് നമ്പര്‍ അഭിലഷണീയം), ഭൂവുടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ മേല്‍വിലാസം എന്നിവ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലേക്ക് വില്ലേജ് ഓഫിസര്‍ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തണ്ടപ്പേര്‍, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നിവ ഭൂവുടമയ്ക്ക് നല്‍കും. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി www.revenue.keralagov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഭൂനികുതി അടയ്ക്കാവുന്നതാണ്.
ഓണ്‍ലൈനായി ഭൂനികുതി അടക്കുന്നതിന് www.revenue.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഹോം പേജില്‍ പേ യുവര്‍ ടാക്‌സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. സൈന്‍ അപ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം സൈന്‍ ഇന്‍ ചെയ്ത് ന്യൂ റിക്വസ്റ്റ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് പൊതുവായുള്ള വിവരങ്ങള്‍, വില്ലേജ് ഓഫിസില്‍ നിന്ന് ലഭിച്ച തണ്ടപ്പേര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍, മുന്‍വര്‍ഷം ഭൂനികുതി അടവാക്കിയത്, നികുതിദായകന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. റിമാര്‍ക്‌സ് കോളത്തില്‍ ഭൂമിയുടെ ആധാരത്തിന്റെ നമ്പര്‍ അല്ലെങ്കില്‍ പട്ടയനമ്പര്‍ കൂടി നല്‍കി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന വില്ലേജ് ഓഫിസര്‍ പരിശോധനകള്‍ക്കു ശേഷം അംഗീകാരം നല്‍കും. തുടര്‍ന്ന് സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ റിക്വസ്റ്റില്‍ പേ നൗ തിരഞ്ഞെടുത്ത് നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് സംവിധാനം വഴി പണമടച്ച രശീത് പ്രിന്റ് എടുക്കുക. ഒരു തവണ വില്ലേജ് ഓഫിസര്‍ അംഗീകാരം നല്‍കിയാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് നികുതി അടക്കാം.
ജില്ലാതല ഉദ്ഘാടനം വേങ്ങേരി വില്ലേജ് ഓഫിസില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."