പച്ചക്കറിക്ക് പൊള്ളുന്ന വില; കുടുംബ ബജറ്റ് താളംതെറ്റുന്നു
മലപ്പുറം: പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലവര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ സാധാരണക്കാര്‍. വരാനിരിക്കുന്ന ഓണവിപണിയിലും വിലക്കയറ്റം രൂക്ഷമാവുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വിലവര്‍ധനവ്. മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും ഗണ്യമായ തോതിലാണ് വിപണിയില്‍ വില ഉയര്‍ന്നിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നാണ് ജില്ലയിലേതടക്കമുള്ള ചന്തകളിലേക്ക് പച്ചക്കറി എത്തുന്നത്. അവിടെ പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചുവെന്നാണ് വിലക്കയറ്റത്തിന് കാരണമായി മൊത്ത വിപണനക്കാര്‍ പറയുന്നത്. എന്നാല്‍ പച്ചക്കറികള്‍ക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടുന്നുമില്ല. ഓണം മുന്‍നിര്‍ത്തിയുള്ള ആസൂത്രിതമായ വിലക്കയറ്റം സാധാരണക്കാരെ വലക്കുകയാണ്. പാവയ്ക്ക, ക്യാരറ്റ്, മുരിങ്ങക്കായ മുതല്‍ പച്ചമുളകിനു വരെ വന്‍ വിലയാണ്.
ഒരു കിലോഗ്രാം മുളകിന് 100 രൂപയാണ് വില. 30 മുതല്‍ 40 വരെ രൂപ വില ഉണ്ടായിരുന്ന സ്ഥാനത്തു നിന്നാണ് വില കുതിച്ചുയര്‍ന്നത്. 30 രൂപ വിലയുണ്ടായിരുന്ന കൈപ്പങ്ങക്ക് കിലോഗ്രാമിന് 50 രൂപയാണ് നിലവിലെ വില.
40 രൂപയില്‍ നിന്നും ക്യാരറ്റിന് വില 60ലേക്കുയര്‍ന്നു. മുരിങ്ങാക്കായ്ക്ക് 80 രൂപയാണ് ചില്ലറ വിപണിയിലെ വില. 20 രൂപവരെ വിലയുണ്ടായിരുന്നതില്‍ നിന്നാണ് 80 രൂപയിലേക്കുള്ള കുതിച്ചു ചാട്ടം. 30 രൂപയില്‍ നിന്ന് ചേനയുടെ വില 60 ലേക്കും 80ല്‍ നിന്ന് വെളുത്തുള്ളിക്ക് വില 150ലേക്കും കയറി. ഓണത്തിനോടനുബന്ധിച്ച് വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നാട്ടില്‍ പച്ചക്കറി ഉത്പാദനം കാര്യമായില്ലാത്തത് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി എത്തിക്കുന്നവര്‍ മുതലെടുക്കുകയാണ്. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വില കുറക്കുവാനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."