ടോം ജോസ് കുന്നേല്‍ കെ.എഫ്.എ പ്രസിഡന്റ്
കൊച്ചി: കൊച്ചിയില്‍ നടന്ന കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇടുക്കി അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ 29 വോട്ടുകള്‍ക്ക് ജയിച്ച് കെ.എഫ്.എയുടെ പുതിയ പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ്കുമാറിനെ പരാജയപ്പെടുത്തിയാണ് ടോം വിജയിച്ചത്. എ.പ്രദീപ്കുമാറിന് ആകെ ലഭിച്ചത് 11 വോട്ടുകള്‍. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രദീപ്കുമാറിനെ വിജയിപ്പിക്കാന്‍ സി.പി.എം സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ പിന്തുണ നേടാനായില്ല. ആറു വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും രണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഏഴു പേരാണ് മത്സരിച്ചത്. കെ.പി സണ്ണി, കെ.കെ ഗോപാലകൃഷ്ണന് (കൊല്ലം), രഞ്ജി കെ ജേക്കബ് (പത്തനംതിട്ട), എ.വി മോഹനന് (കണ്ണൂര്‍), അബ്ദുല്‍ കരീം (മലപ്പുറം), പി.പൗലോസ് (എറണാകുളം) എന്നിവര്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചു. ജോ.സെക്രട്ടറിമാരായി മുഹമ്മദ് റഫീഖ് ടി.കെ.എം (കാസര്‍ക്കോട്), അച്ചു.എസ് (കോട്ടയം) എന്നിവരും വിജയം നേടി. പ്രദീപ്കുമാറിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എം.വി വിജയകുമാറും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഗീവര്ഗീസും തോറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."