അന്യസംസ്ഥാന കുട്ടികളെ തിരിച്ചയക്കണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: ആലുവ ജനസേവ ശിശുഭവനിലെ അന്യസംസ്ഥാനക്കാരായ മുഴുവന്‍ കുട്ടികളയെും നാട്ടിലേക്ക് പറഞ്ഞുവിടണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് എറണാകുളം സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയി തുടങ്ങിയതായി ജനസേവ ശിശുഭവന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 15നാണ് 44 പെണ്‍കുട്ടികളെയും 60 ആണ്‍കുട്ടികളെയും 15 ദിവസത്തിനുള്ളില്‍ അവരുടെ നാട് കണ്ടുപിടിച്ച് തിരിച്ചയക്കണമെന്ന് ശിശുക്ഷേമസമിതി ഉത്തരവ് നല്‍കിയത്.
എന്നാല്‍ ഉത്തരവിനെതിരേ ജനസേവ സെക്രട്ടറി ഇന്ദിര ശബരീനാഥ് കോടതിയെ സമീപിക്കുകയായിരുന്നു. 2015ലെ ജെ.ജെ ആക്ട് സെക്ഷന്‍ 95പ്രകാരം ഉത്തരവ് നിയമലംഘനമാണെന്ന് കോടതി പറഞ്ഞു. കുട്ടികളുടെ താല്‍പര്യം പരിഗണിക്കപ്പെടേണ്ടതാണെന്നും നിരീക്ഷിച്ചു.
ഇവരുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങളായി കേരളത്തില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റും മറ്റും ജീവിക്കുന്നവരാണ്. അന്തിയുറങ്ങാന്‍ കൂരപോലുമില്ലാത്ത ഇവരുടെ മക്കളെ സംരക്ഷിക്കുന്ന തങ്ങള്‍ക്കെതിരേയുള്ള തീരുമാനം മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഒരു വര്‍ഷമായി തെരുവില്‍ കണ്ടെത്തുന്ന കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമസമിതി തങ്ങളെ ഏല്‍പ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി, പ്രസിഡന്റ് അഡ്വ.ചാര്‍ളി പോള്‍, ഇന്ദിരാ ശബരീനാഥ്,ജോബി തോമസ്,എസ്.കെ നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."