തവിഞ്ഞാല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം: ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 32 കേസുകള്‍
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഇതുവരെ 32 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രളയത്തിനുശേഷം ആരോഗ്യ വകുപ്പ് ഏറെ ഭീതിയോടെ കണ്ട രോഗമായിരുന്നു മഞ്ഞപ്പിത്തം.
എന്നാല്‍ ഭീതിജനകമല്ലെങ്കിലും തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലും പരിസരങ്ങളിലും മഞ്ഞപിത്തം ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞ ദിവസം തലപ്പുഴയിലെ വയനാട് എന്‍ജിനീയറിങ് കോളജില്‍ 15 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ജീനീയറിങ് കോളജിന് ബുധനാഴ്ച വരെ അവധി നല്‍കിയിരുന്നു.
എന്നാല്‍ മറ്റുസ്ഥലങ്ങളിലും രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കോളജിന്റെ അവധി നീട്ടിനല്‍ക്കാനാണ് സാധ്യത.
ഇന്നലെവരെയുള്ള കണക്കുപ്രകാരം 32 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. കിണറുകളിലും മറ്റും ക്ലോറിനേഷന്‍ ചെയ്യുകയും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ജാഗ്രതയിലുമാണ്.
കടകളിലും മറ്റ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്നത് താല്‍കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും വില്‍പ്പന നടക്കുന്നുണ്ട്.
പ്രളയത്തില്‍ കിണറുകളില്‍ വെള്ളം കയറിയപ്പോള്‍ വിവിധ സന്നദ്ധസംഘടനകള്‍ കിണറുകളെല്ലാം വൃത്തിയാക്കിയിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റെ വ്യാപനം ഒരുപരിധിവരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."