കേന്ദ്രനടപടിയെ വിമര്‍ശിച്ച പത്മശ്രീ ജേതാവിനെ എന്‍.ഐ.എ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: പത്മശ്രീ ജേതാവായ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഉപേന്ദ്ര കൗളിനെ എന്‍.ഐ.എ ചോദ്യം ചെയ്തു. തന്റെ രോഗിയായ കശ്മീരി വിഘടനവാദി നേതാവ് യാസീന്‍ മാലികിന് രക്തപരിശോധനാഫലം മൊബൈല്‍ ഫോണ്‍ സന്ദേശമായി (എസ്.എം.എസ്) അയച്ചുകൊടുത്തതിനാണ് നടപടി. 'ബ്ലഡ് റിപ്പോര്‍ട്ട് വാല്യൂ-ഐ.എന്‍.ആര്‍- 2.78 എന്നായിരുന്നു സന്ദേശം. രക്തപരിശോധനാ ഫലത്തെ സൂചിപ്പിക്കുന്ന പദം ആണ് ഐ.എന്‍.ആര്‍. പക്ഷേ ഇത് ഇന്ത്യന്‍ രൂപയെ കുറിച്ചു സൂചിപ്പിക്കുന്ന പദമാണെന്നു തെറ്റിദ്ധരിച്ച് ഡോ.കൗളും യാസീന്‍മാലികും തമ്മില്‍ ഹവാലാ ഇടപാടുണ്ടെന്നു സംശയിച്ചാണ് അദ്ദേഹത്തെ എന്‍.ഐ.എ ചോദ്യംചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ജമ്മുകശ്മിരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ സവിശേഷാധികാരം എടുത്തുകളയുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ഉപേന്ദ്രകൗള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന ചോദ്യംചെയ്യല്‍, കശ്മീര്‍ വിഷയത്തിലെ അദ്ദേഹത്തിന്റെ വിയോജിപ്പ് പരസ്യമാക്കിയതിനാലാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഭീകരസംഘടനകള്‍ക്ക് പണം കൈമാറിയോ എന്നായിരുന്നു പ്രധാനമായും എന്‍.ഐ.എ ചോദിച്ചറിഞ്ഞതെന്ന് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. വളരെ മാന്യമായി ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു, ഞാന്‍ മാന്യമായി മറുപടിയും പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തിലെ അഭിപ്രായപ്രകടനങ്ങളാണോ എന്‍.ഐ.എയുടെ നടപടിക്ക് കാരണമായതെന്ന ചോദ്യത്തിന്, തനിക്കറിയില്ലെന്നായിരുന്നു ഡോ. കൗളിന്റെ പ്രതികരണം. അവര്‍ വിളിച്ചപ്പോള്‍ പോയി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കുമല്ലോ- കൗള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."