അഴിമതിക്കേസില്‍ ശിവസേന നേതാവിന് 100 കോടി രൂപ പിഴയും തടവും
മുംബൈ: ഭവന നിര്‍മാണ അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും ശിവസേന നേതാവുമായ സുരേഷ് ജെയ്ന്‍ വന്‍ പിഴയും ശിക്ഷയും. 100 കോടി രൂപ പിഴയടക്കാനും ഏഴുവര്‍ഷം തടവിനുമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ഘാര്‍കുല്‍ ഭവന നിര്‍മാണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ധുലെ ജില്ലാ കോടതി സ്പെഷല്‍ ജഡ്ജി സൃഷ്ടി നീലകാന്താണ് സുരേഷിന് കടുത്ത ശിക്ഷ വിധിച്ചത്. ജല്‍ഗാവ് നഗരസഭാ മുന്‍ കമ്മിഷനര്‍ പ്രവീണ്‍ ഗേദം 2006 ഫെബ്രുവരിയില്‍ നല്കിയ പരാതിയിലാണ് നടപടി. കേസില്‍ സുരേഷിന്റെ കൂട്ടുപ്രതിയായ എന്‍.സി.പി നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഗുല്ബ്രാഒ ദിയോകറെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. ഇരുവര്‍ക്കും പുറമെ കേസില്‍ 46 പേരാണ് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ പലര്‍ക്കും മൂന്നുമുതല്‍ ഏഴുവര്‍ഷം വരെയാണ് തടവുശിക്ഷ ലഭിച്ചത്.
മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ ഭവന നിര്‍മാണ പദ്ധതിയില്‍ 29 കോടിയുടെ അഴിമതി നടത്തിയെന്ന കേസില്‍ 2012 മാര്‍ച്ചിലാണ് സുരേഷ് ജെയ്ന്‍ അറസ്റ്റിലാവുന്നത്. സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെ അടുത്തവര്‍ഷം സുരേഷ് പുറത്തിറങ്ങി. 2012 ല്‍ അറസ്റ്റിലായ ഗുലബ്രാഒ ദിയോകര്‍ മൂന്നുവര്‍ഷവും ജയിലില്‍ കിടന്നു.
സുരേഷ് ജെയ്നുമായി ബന്ധമുള്ള കെട്ടിട നിര്‍മാതാക്കളായ ഖണ്ഡേഷ് ബില്‍ഡേഴ്സിനാണ് ഘാര്‍ഖുല്‍ ഭവന നിര്‍മാണ പദ്ധതിയുടെ കരാര്‍ നല്‍കിയത്. ജല്‍ഗാവില്‍ 5,000 വീടുകള്‍ നിര്‍മിക്കാനാണ് കരാര്‍ നല്‍കിയതെങ്കിലും 1.500 എണ്ണമാണ് പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."