സ്വാഗതം ചെയ്ത് ഉവൈസിയും എ.ഐ.യു.ഡി.എഫും
ഗുവാഹത്തി: അന്തിമപൗരത്വ പട്ടികയെ അസമിലെ മുഖ്യപ്രതിപക്ഷകക്ഷിയായ എ.ഐ.യു.ഡി.എഫും മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും സ്വാഗതം ചെയ്തു. കുറച്ച് യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താന്‍ മുന്‍കൈയെടുത്ത സുപ്രിംകോടതിയെ അഭിനന്ദിക്കുന്നതായി എ.ഐ.യു.ഡി.എഫ് വക്താവ് അമീനുല്‍ ഇസ്‌ലാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടായി അസമിലെ മുസ്‌ലിംകളുടെ പൗരത്വം സംശയമുനയിലായിരുന്നു. ബംഗ്ലാദേശികളായി മുദ്രകുത്തപ്പെടുകയായിരുന്നു അസമിലെ മുസ്‌ലിംകള്‍. എന്നാലിപ്പോള്‍ ആരൊക്കെയാണ് ഇന്ത്യക്കാര്‍, ആരൊക്കെയാണ് ബംഗ്ലാദേശികള്‍ എന്ന് എന്‍.ആര്‍.സി കണ്ടെത്തിയിരിക്കുന്നു. എന്‍.ആര്‍.സിയുടെ അന്തിമ പട്ടിക എത്രമാത്രം ശരിയാണ് എന്നതു സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ, ബംഗ്ലാദേശി എന്ന മുദ്രവീണ നിരവധിപേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് അവര്‍ക്ക് ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന മിത്ത് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ് അന്തിമപട്ടികയിലൂടെയെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഹിന്ദു- മുസ്‌ലിം എന്ന രീതിയില്‍ രാജ്യത്ത് മൊത്തമായി പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പി അവസാനിപ്പിക്കണം. പൗരത്വ ബില്ലിലൂടെ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ല് ബി.ജെ.പി കൊണ്ടുവരുമെന്ന് എനിക്ക് സംശയമുണ്ട്. അങ്ങിനെ കൊണ്ടുവരികയാണെങ്കില്‍ അത് പൗരസമത്വം എന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമായിരിക്കും. മാതാപിതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും മക്കള്‍ പുറത്താവുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. രാജ്യത്തിന്റെ സൈനികന്റെ പേരും പട്ടികയിലില്ല. ഇവര്‍ക്കെല്ലാം നീതി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."