മദ്യം ഒഴുക്കുന്നു എന്ന പ്രചാരണം ശരിയല്ല: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും അത് യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം വരുന്നതിനു മുന്‍പുള്ള അത്ര വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ പൂട്ടിയതുകൊണ്ടു മാത്രം മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടില്ല. യു.ഡി.എഫ് നയം കേരളത്തെ വ്യാജമദ്യത്തിന്റെയും മറ്റു ലഹരിപദാര്‍ഥങ്ങളുടെയും താവളമാക്കി മാറ്റുകയാണുണ്ടായത്. ബാറുകള്‍ പൂട്ടിയപ്പോള്‍ മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനമാണ് വര്‍ധന ഉണ്ടായത്. മദ്യപിക്കുന്നവര്‍ക്ക് വിഷമില്ലാത്ത മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിം കോടതി ഉത്തരവു മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകും.
815 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ 474 എണ്ണം അടഞ്ഞുകിടക്കുകയാണ്. 922 കള്ളുഷാപ്പുകള്‍ തുറക്കാന്‍ ബാക്കിയുണ്ട്. 30 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാര്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ബാറിനും ലൈസന്‍സ് നല്‍കിയിട്ടില്ല. പൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുക മാത്രമാണ് ചെയ്യുന്നത്. ടൂറിസം മേഖലയുടെ വികസനം കൂടി മുന്നില്‍ കണ്ടാണ് പുതിയ മദ്യനയം. തുറക്കുന്ന ബാറുകളില്‍ കര്‍ശന പരിശോധന ഉണ്ടാകും. വ്യാജമല്ലാത്ത മദ്യം മാത്രമാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തും. ജനങ്ങള്‍ മദ്യപിക്കാത്തതു കൊണ്ട് ബാറുകള്‍ പൂട്ടേണ്ട അവസ്ഥയാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."