പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്: തട്ടിപ്പ് നടത്തിയ ഫ്രാഞ്ചൈസിക്കെതിരേ നിയമനടപടി സ്വീകരിക്കും
മലപ്പുറം: സേനകളിലേക്കുള്ള പരീക്ഷാ പരിശീലനം നല്കുന്ന നാഷനല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്(എന്‍.എ.പി.ടി) ഫ്രാഞ്ചൈസി നടത്തിയ തട്ടിപ്പിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാപനത്തിന് നേരിട്ടും ഫ്രാഞ്ചൈസികളുമായി 31 പഠന കേന്ദ്രങ്ങളുണ്ട്. മലപ്പുറത്ത് ഫ്രാഞ്ചൈസി നടത്തുന്നതിന് വിജു, ജീവ ബിജു എന്നിവര്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. ഫ്രാഞ്ചൈസി കരാര്‍ കാലാവധി കഴിഞ്ഞ സ്ഥാപന നടത്തിപ്പുകാര്‍ കരാര്‍ പുതുക്കാതെ പരിശീലനം നിര്‍ത്തുകയായിരുന്നു. സ്ഥാപനത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെയെല്ലാം പരിശീലനം പൂര്‍ത്തിയായതായാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയില്ലെന്ന പരാതിയുമായി ഹെഡ് ഓഫിസില്‍ ബന്ധപ്പെട്ടിരുന്നു.
തുടര്‍ന്ന് എന്‍.എ.പി.ടി നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്ത് ഫ്രാഞ്ചൈസി എടുത്തവര്‍ പ്രവേശനം നേടിയവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാതെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് മനസിലാക്കി. എ.എഫ്.പി.ടി എന്ന പേരില്‍ ഇതേ പരിശീലനം നല്കുന്ന സ്ഥാപനത്തിന്റെ പേരില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് എന്‍.എ.പി.ടിയുടെ ഹെഡ് ഓഫിസ് നേരിട്ട് പരിശീലനം നല്കാന് കേന്ദ്രം തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തും ഉടന്‍ ഇത്തരം പരിശീലന കേന്ദ്രം നവംബര്‍ 15ന് മുന്‍പ് തുടങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ടി.എ സന്ദീപ്, ജിതിന് ജീവന്, എന്‍.എ.പി.ടി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."