തെരേസാ മേയ്ക്ക് തിരിച്ചടി
മൂന്നു വര്‍ഷം കാലാവധി ഉണ്ടായിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ജനം കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷത്തിന്റെ ഭാഗമായ തെരേസാമേ ബ്രെക്‌സിറ്റ് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ഇതുവഴി 330 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് 316 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മിതവാദിയായ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോരണോ എന്നതുസംബന്ധിച്ച് ഹിതപരിശോധന നടത്തിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഡേവിഡ് കാമറണിന്റെ നിലപാടിനെതിരേ പാര്‍ട്ടിയിലെ തന്നെ തീവ്രപക്ഷം രംഗത്തുവന്നിരുന്നു. അവരില്‍ പ്രമുഖയായിരുന്നു തെരേസാ മേ. മുസ്‌ലിം കുടിയേറ്റത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന നയമായിരുന്നു അവരുടേത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും തെരേസാ മേയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ല. ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ വേണ്ടി ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തിയ അവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന അംഗസംഖ്യയിലും കുറവുവന്നു. മുഖ്യ എതിരാളിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തെരേസാ മേ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. പന്ത്രണ്ട് പേരുടെ പിന്തുണയോടെ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന് കണക്കുകൂട്ടിയാണ് തെരേസാ മേ തെരഞ്ഞെടുപ്പിനൊരുങ്ങിയത്. പക്ഷേ, കണക്കുകൂട്ടല്‍ പിഴച്ചു. കേവല ഭൂരിപക്ഷത്തിന് 326 പേരുടെ ഭൂരിപക്ഷം കിട്ടേണ്ടതുണ്ടായിരുന്നു. എന്നാല്‍, 316 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് കിട്ടിയത്. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്കാവട്ടെ നേട്ടമുണ്ടാക്കാനും കഴിഞ്ഞു. 262 സീറ്റുകള്‍ കിട്ടി. കഴിഞ്ഞ പ്രാവശ്യത്തേക്കാളും 33 സീറ്റുകള്‍ അവര്‍ അധികം നേടി. ബ്രിട്ടനില്‍ തീവ്ര വലതുപക്ഷത്തിന് നേരത്തേ കിട്ടിയ പിന്തുണ കുറഞ്ഞുവരുന്നു എന്നതിന്റെ സൂചനയാണ് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഹിതപരിശോധനയിലൂടെ 52 ശതമാനം ജനങ്ങളും യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടതില്ലെന്ന് വിധിയെഴുതിയത്. 48 ശതമാനം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരണമെന്ന പക്ഷക്കാരായിരുന്നു. അവരിലധികവും ലണ്ടന്‍ നിവാസികളുമായിരുന്നു. രണ്ട് ശതമാനം വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ തീരുമാനിച്ചത്. വിട്ടുപോരലിന്റെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ 2 വര്‍ഷമെങ്കിലും പിടിക്കും. ഇത് വേഗത്തിലാക്കാന്‍ വേണ്ടിയുള്ള ഭൂരിപക്ഷത്തിന് വേണ്ടിയായിരുന്നു തെരേസാ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം മൂലം തദ്ദേശവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുവെന്നും യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ ബ്രിട്ടനാണ് ഏറെയും തുക ചെലവാക്കുന്നതെന്നും ഇത് യൂനിയനിലെ ഇതര രാജ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുന്നതെന്നും പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയേണ്ടതാണെന്നുമുള്ള പ്രചാരണത്തിനൊടുവിലാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മിതവാദിനേതാവായ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഹിതപരിശോധനക്ക് തയ്യാറായത്. ഹിതപരിശോധനാ വിജയം തീവ്ര വലത്പക്ഷ വിഭാഗത്തിന് അനുകൂലമായതിനെ തുടര്‍ന്ന് 43 വര്‍ഷത്തെ യൂറോപ്യന്‍ സഹവാസത്തില്‍ നിന്നു ബ്രിട്ടന്‍ വിടവാങ്ങി. ദേശീയതയും വംശീയതയും ലോകമൊട്ടാകെ പടരുമ്പോള്‍ ബ്രിട്ടനെ അതില്‍നിന്നു തടഞ്ഞുനിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ കഠിനശ്രമം നടത്തിയിരുന്നുവെങ്കിലും ബ്രിട്ടിഷ് ജനത ഏറെ മാറിപ്പോയിരുന്നു. 4.64 കോടി വോട്ടര്‍മാരില്‍ 71.8 ശതമാനം പേരും ഹിതപരിശോധനയില്‍ പങ്കെടുത്തതില്‍ നിന്നുതന്നെ ബ്രിട്ടിഷ് ജനതയുടെ മാറ്റമാണ് വെളിപ്പെട്ടത്. ലോകത്തിന് സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന്റെ ദിശമാറ്റവും കൂടിയായി ഹിതപരിശോധനാ ഫലം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ തീവ്രവലതുപക്ഷക്കാരുടെ വിജയമായി ബ്രെക്‌സിറ്റ് കൊണ്ടാടപ്പെട്ടു. ഈ അവസരത്തില്‍ ഡേവിഡ് പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കുകയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ നേതാവായ തെരേസാ മേ പ്രധാനമന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിയിലെ 84 കണ്‍സര്‍വേറ്റിവ് അംഗങ്ങളും കാമറണ്‍ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. തുടര്‍ന്നിരുന്നുവെങ്കില്‍ വലതുപക്ഷത്തിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കേണ്ടി വരുമായിരുന്നു. ഹിതപരിശോധനക്ക് സമ്മതംനല്‍കിയത് തീവ്ര വലതുപക്ഷക്കാരുടെ സമ്മര്‍ദം മൂലമായിരുന്നു. ആ സമ്മര്‍ദത്തെ അദ്ദേഹം അന്ന് അതിജീവിച്ചിരുന്നുവെങ്കില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് തുടരാനുള്ള മൂന്നു വര്‍ഷം നഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷക്കാരുടെ കടുംപിടുത്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭരണനഷ്ടത്തിലാണ് കലാശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."