മധ്യപ്രദേശിലെ കല്ലെറിയല്‍ ഫെസ്റ്റിവലില്‍ 400 പേര്‍ക്ക് പരുക്ക്, 12 പേരുടെ നില ഗുരുതരം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയില്‍ നടന്ന വാര്‍ഷിക കല്ലെറിയല്‍ ഫെസ്റ്റില്‍ (ഗോട്ട്മാര്‍ ഫെയര്‍) നാനൂറിലേറെ പേര്‍ക്ക് പരുക്ക്. 12 പേരുടെ നില ഗുരുതരമാണെന്ന് പൊലിസ് പറഞ്ഞു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
400 വര്‍ഷത്തിലേറെ കാലമായി മധ്യപ്രദേശില്‍ നടക്കുന്ന ആഘോഷമാണിത്. പാന്ധുര്‍ണ, സ്വാര്‍ഗാവ് ഗ്രാമത്തിലെ ആളുകള്‍ ഇരുഗ്രാമങ്ങളെയും വേര്‍തിരിക്കുന്ന ജാം നദിയുടെ ഇരുവശത്തായി ഒത്തുകൂടും.
ഇരു ഭാഗത്തു നിന്നുള്ള ടീമുകളും പുഴയുടെ മധ്യത്തില്‍ തങ്ങളുടെ കൊടി നാട്ടാനായി എത്തും. ഇവരെ അക്കരെയുള്ളവര്‍ കല്ലെറിഞ്ഞ് തുരത്താന്‍ നോക്കും. ഇതാണ് ആഘോഷം.
ഇക്കൊല്ലം പാന്ധുര്‍ണയിലുള്ള ആളുകള്‍ കൊടി നാട്ടുകയും വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗോട്ട്മാര്‍ എന്നാല്‍ കല്ലെറിയുക എന്നതിന്റെ പ്രാദേശിക വാക്കാണ്. ഈ ആഘോഷത്തിനു പിന്നില്‍ വലിയൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. പാന്ധുര്‍ണ ഗ്രാമത്തിലെ ഒരു കുട്ടി സ്വാര്‍ഗാവ് ഗ്രാമത്തിലെ പെണ്‍കുട്ടിയെയും കൊണ്ട് ഓടുന്നതിനിടെ, പുഴയിലെത്തിയപ്പോള്‍ നാട്ടുകാര്‍ കല്ലെറിഞ്ഞ് ആക്രമിച്ചു. എന്നാല്‍ അവര്‍ രണ്ടുപേരും സുരക്ഷിതമായി നദി മുറിച്ചുകടക്കുകയും ചെയ്തു.
ഇതിന്റെ ഓര്‍മ പുതുക്കിയാണ് കല്ലെറിയല്‍ ആഘോഷം ഇപ്പോഴും തുടരുന്നത്. എന്നാല്‍ സി.സി.ടി.വി, ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പരിപാടി നിരീക്ഷിക്കുന്നുണ്ടെന്ന് ഛിന്ദ്വാര എസ്.പി മനോജ് റായ് പറഞ്ഞു.
പരിപാടി സ്ഥലത്തു തന്നെ വൈദ്യസഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതമായി തുടര്‍ന്നുവരുന്നതിനാല്‍ പൂര്‍ണമായും നിര്‍ത്താനാവുന്നില്ലെന്നും എന്നാല്‍ മദ്യവില്‍പ്പന അടക്കമുള്ള കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."