സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റിന്റെ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത് പുരോഗമിക്കുന്നു
കൊടുങ്ങല്ലൂര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. സംസ്ഥാന തലത്തില്‍ എസ്.പി.സിയുടെ എട്ടാമത് ബാച്ചിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടന്നു വരുന്നത്. ശാരീരിക ക്ഷമതാ പരിശോധന, എഴുത്ത് പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് എസ്.പി.സി കാഡറ്റാകാനുള്ള കടമ്പ കടക്കേണ്ടത്. എന്നാല്‍ ഇക്കുറി അപേക്ഷകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് പല വിദ്യാലയങ്ങളിലും പൊതു വിജ്ഞാനം അടിസ്ഥാനമാക്കി പ്രാഥമിക പരീക്ഷ നടത്തി കുട്ടികളുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടി വന്നു. എന്നാല്‍ ഇത്തവണത്തെ എഴുത്തു പരീക്ഷയുടെ ചോദ്യപേപ്പര്‍ കുട്ടികളെ കുഴക്കിയതായി ആക്ഷേപമുണ്ട്. ഏഴാം ക്ലാസ് കടന്ന് എട്ടിലെത്തിയ കുട്ടിക്ക് വേണ്ടി പി.എസ്.സി നിലവാരത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് പരാതിയുയരുന്നു. എങ്കില്‍ പോലും കാക്കിയണിയാനുള്ള അതിയായ ആഗ്രഹത്തില്‍ ചോദ്യപേപ്പറിനെ തോല്‍പ്പിച്ചവര്‍ ധാരാളം.
പൊലിസിന്റെ വിദ്യാര്‍ഥി പതിപ്പാണിതെന്നതാണ് എസ്.പി.സിയെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. കാക്കിയുടുപ്പിട്ട് വിലസുകയെന്നത് തന്നെയാണ് ഒട്ടുമിക്ക കുട്ടികളുടെയും പ്രധാന അജണ്ട. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് കുടി ലഭിക്കുമെന്നതും ചിലരെ മോഹിപ്പിക്കുന്നു. എന്നാല്‍ എസ്.പി.സി വിദ്യാര്‍ഥികളില്‍ അച്ചടക്കവും സാമൂഹ്യബോധവും സൃഷ്ടിക്കുമെന്നതാണ് യഥാര്‍ത്ഥ നേട്ടം. അടുത്ത ദിവസങ്ങളില്‍ ഉത്തരപേപ്പര്‍ മൂല്യനിര്‍ണ്ണയം കഴിയുന്നതോടെ പുതിയ ബാച്ചിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."