ദേശീയ പാതയിലെ ബാറുകള്‍: കൊടുങ്ങല്ലൂര്‍ മദ്യരഹിത താലൂക്കായി തുടരും
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മദ്യരഹിത താലൂക്കായി തുടരും. താലൂക്കില്‍ പത്ത് ബാറുകളും രണ്ട് റീട്ടെയില്‍ മദ്യവില്‍പ്പന ശാലകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള കോടതി തീരുമാനത്തോടെ പത്ത് ബാറുകള്‍ക്കും താഴ് വീഴുകയായിരുന്നു. ശ്രീനാരായണപുരത്തെയും കൊടുങ്ങല്ലൂരിലെയും വിദേശമദ്യ വില്‍പ്പനശാലകള്‍ പലസ്ഥലങ്ങളിലേക്കും മാറ്റുവാന്‍ ശ്രമം നടന്നുവെങ്കിലും എല്ലായിടത്തും ഉയര്‍ന്നുവന്ന ജനരോഷത്തെ തുടര്‍ന്ന് തുടങ്ങുവാന്‍ കഴിഞ്ഞില്ല.
കൊടുങ്ങല്ലൂരിലെ റീട്ടെയില്‍ മദ്യ വില്‍പ്പനശാല ഒരു കല്യാണമണ്ഡപത്തില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാധികൃതര്‍ നേരിട്ടെത്തി സ്ഥാപനം അടച്ചുപൂട്ടിക്കുകയായിരുന്നു. പിന്നീട് പലസ്ഥലത്തും തുടങ്ങാന്‍ പദ്ധതിയിട്ടുവെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീനാരായണപുരത്തെ റീട്ടെയില്‍ മദ്യവില്‍പ്പനശാലയക്കും ഇതുതന്നെയാണ് സംഭവിച്ചത്. പലഭാഗങ്ങളിലും ആരംഭിക്കാന്‍ ശ്രമം നടന്നുവെങ്കിലും ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞില്ല. കൊടുങ്ങല്ലൂര്‍ നഗരമധ്യത്തിലൂടെ ചന്തപ്പുര മുതല്‍ കോട്ടപ്പുറം ടോള്‍ വരെയുള്ള ദേശീയപാതയുടെ പേര് മാറ്റം നടന്നാല്‍ അടച്ചുപൂട്ടിയ ബാറുകളില്‍ ചിലത് തുടങ്ങാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."