ഇന്ത്യന്‍ പരിശീലകന്‍; തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് ഉപദേശക സമിതി
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സമയം ആവശ്യമാണെന്ന് ഉപദേശക സമിതി. സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ലണ്ടനില്‍ വച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചത്. രണ്ട് മണിക്കൂറോളം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അംഗങ്ങള്‍ ഇക്കാര്യം ബോര്‍ഡിനെ അറിയിച്ചത്. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 26ന് മുംബൈയില്‍ ചേരുന്ന ബി.സി.സി.ഐ വാര്‍ഷിക യോഗത്തില്‍ പരിശീലക നിയമനത്തിന്റെ അന്തിമ തീരുമാനമുണ്ടാകും.
പരിശീലക സ്ഥാനത്ത് കുംബ്ലെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന അഭിപ്രായമാണ് മൂവര്‍ക്കുമുള്ളത്. ടീമിന്റെ മികച്ച പ്രകടനത്തില്‍ കുംബ്ലെയുടെ പങ്ക് തള്ളിക്കളയാന്‍ സാധ്യമല്ല. കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമേറ്റ ശേഷം കുംബ്ലെയുടെ കീഴില്‍ 17ല്‍ 12 മത്സരങ്ങളും ഇന്ത്യ വിജയിച്ചതായും സമിതി വിലയിരുത്തി. വിരാട് കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കുംബ്ലെയുമായുള്ള അഭിപ്രായ ഭിന്നത കാര്യമായി എടുക്കേണ്ടതില്ല. നായകനും കോച്ചിനുമിടയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും കോഹ്‌ലിയും ബി.സി.സി.ഐ ഭരണ സമിതിയുമായും ചര്‍ച്ച നടത്താനും കമ്മിറ്റി തീരുമാനിച്ചു. കുംബ്ലെ തന്നെ തുടരട്ടെ എന്ന നിലപാടാണ് ഇതിഹാസങ്ങളായ മുന്‍ താരങ്ങള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുംബ്ലെയുടെ കാര്യത്തില്‍ സമവായമായില്ലെങ്കില്‍ പകരം വീരേന്ദര്‍ സെവാഗിനെ പരിഗണിക്കാനാണ് സമിതി ആലോചിക്കുന്നത്.
അതേസമയം കുംബ്ലെയെ മാറ്റി പുതിയ കോച്ചിനെ നിയമിക്കുന്ന നടപടിക്രമങ്ങള്‍ വേണ്ടത്ര ആലോചനയില്ലാതെ പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിനെതിരേ ബി.സി.സി.ഐയിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും യോജിപ്പില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബി.സി.സി.ഐ താത്കാലിക അധ്യക്ഷന്‍ സി.കെ ഖന്ന, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവരെല്ലാം കുംബ്ലെ തുടരണമെന്ന അഭിപ്രായക്കാരാണ്.
കുംബ്ലെയ്ക്കും സേവാഗിനും പുറമെ, ലങ്കന്‍ മുന്‍ കോച്ച് ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്, ലാല്‍ ചന്ദ് രജപുത് എന്നിവരും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."