ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പരിശീലന വേദി നാല്‍ക്കാലികള്‍ കൈയടക്കി
മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പരിശീലന വേദിയായ ഫോര്‍ട്ട് കൊച്ചി പേരേഡ് മൈതാനം നാല്‍ക്കാലികള്‍ കൈയടക്കി. ലക്ഷങ്ങള്‍ മുടക്കി പാകിയ പ്രത്യേക തരം പുല്ലുകള്‍ പശുക്കളുടെ ഭക്ഷണമായി മാറി. നേരത്തേ ശക്തമായ വേനല്‍ ചൂടില്‍ ഇവിടെ പാകിയ പുല്ലുകള്‍ കരിഞ്ഞ് പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഈ പുല്ലുകള്‍ എല്ലാം തന്നെ കിളിര്‍ത്തു വളര്‍ന്നതാണ്. ആ പുല്ലുകളാണ് ഇപ്പോള്‍ നാല്‍ക്കാലികള്‍ ഭക്ഷണമാക്കി മാറ്റിയത്. മഴ മാറി വെയില്‍ തെളിഞ്ഞതോടെ കന്നുകാലികളും, ആടുകളും ഒപ്പം നായകളും ഗ്രൗണ്ട് കൈയടക്കി. നായകള്‍ മൈതാനത്തിന്റെ പല ഭാഗങ്ങളിലും മാന്തി കുഴിയെടുത്തിട്ടുണ്ട്. കാലികളെ ഓടിക്കാന്‍ ചെന്ന വ്യക്തിക്ക് ഇവയുടെ ആക്രമണത്തില്‍ പരുക്കേറ്റു.
കഴിഞ്ഞ മാസം ഫിഫ അധികൃതര്‍ മൈതാനം സന്ദര്‍ശിച്ചപ്പോള്‍ ആടുകള്‍ പുല്ല് കടിച്ചു തിന്നുന്നത് കാണുകയും പത്ത് ദിവസത്തിനുള്ളില്‍ മൈതാനത്തിന് ചുറ്റുവേലി കെട്ടുന്നതിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം പാലിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനിടെ കനത്ത മഴ കൂടി വന്നതോടെ ചുറ്റുവേലി കെട്ടല്‍ ത്രിശങ്കുവിലായി. പരേഡ് മൈതാനം പൈതൃക മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവിടെ ചുറ്റുവേലി കെട്ടുന്നതിന് ഒരു കൂട്ടര്‍ എതിര്‍ക്കുന്നുണ്ട്. ഇതും വേലി കെട്ടുന്നതിനെ പ്രതികൂലമായി ബാധിച്ചു. അടിയന്തരമായി ചുറ്റുവേലി കെട്ടിയില്ലെങ്കില്‍ വച്ചുപിടിപ്പിച്ച പുല്ലുകള്‍ കന്നുകാലികള്‍ തിന്ന് തീര്‍ക്കുമെന്ന് മുതിര്‍ന്ന ഫുട്‌ബോള്‍ പരിശീലകന്‍ റൂഫസ് ഡിസൂസ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."