കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക്
പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ കടവില്‍ നടന്ന വാവുബലിക്ക് അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.
ദക്ഷിണായനത്തിന്റെ തുടക്കമായ കര്‍ക്കിടകമാസത്തിലെ അമാവാസി ദിനം പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം നല്‍കുന്നത് ഉചിതമായി കണക്കാക്കി നൂറുകണക്കിന് ഭക്തജനങ്ങളാണ് പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്ര സ്‌നാനഘട്ടത്തില്‍ കീച്ചേരില്‍ നാരായണന്‍ ഇളയതിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം നടന്നത്.
വിപുലമായ ക്രമീകരണങ്ങളാണ് വാവുബലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നത്. ബലിതര്‍പ്പണത്തിനായി സ്ത്രീകള്‍ക്ക് കിഴക്കോട്ട് ബലിയിടുന്നതിനും പുരുഷന്‍മാര്‍ക്കു സ്‌നാനഘട്ടത്തില്‍ കടവുബലിയിടുന്നതിനും പ്രത്യേകം പന്തലുകളും തയ്യാറാക്കിയിരുന്നു. പിതൃതര്‍പ്പണ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്കായി രാവിലെ ഒന്‍പതു മുതല്‍ അന്നദാനവും ഏര്‍പ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് വിശേഷാല്‍പൂജകള്‍, അഭിഷേകങ്ങള്‍, ഗണപതിഹോമം എന്നിവ നടന്നു. ഉച്ചപൂജയോടുകൂടി മേല്‍ശാന്തി ബ്രഹ്മശ്രീ ശശികുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ വിഷ്ണുപൂജയും, കാല്‍കഴുകിച്ചൂട്ടും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."