മാക്രോണുമായി കലഹം; ഇനി ഫ്രഞ്ച് പേനകള്‍ ഉപയോഗിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ്
സാവോപോളോ: ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട ഫ്രാന്‍സിനോടുള്ള പ്രതിഷേധസൂചകമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ ഇനി ഫ്രഞ്ച് പേനകള്‍ ഉപയോഗിക്കില്ല. ഫ്രാന്‍സിലെ ബിക് കമ്പനി നിര്‍മിക്കുന്ന പേനകളാണ് ഔദ്യോഗിക രേഖകളില്‍ ഒപ്പുവയ്ക്കാന്‍ താന്‍ ഉപയോഗിച്ചിരുന്നതെന്നും അത് ഇനി മുതല്‍ ഉപയോഗിക്കില്ലെന്നും ബൊല്‍സൊനാരോ പറഞ്ഞു.
ആമസോണ്‍ പ്രശ്‌നത്തില്‍ ഫ്രാന്‍സുമായി രൂക്ഷമായ തര്‍ക്കത്തിലാണ് ബ്രസീല്‍. ഫ്രാന്‍സ് അടക്കമുള്ള ജി-7 രാജ്യങ്ങള്‍ തീ അണയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് പ്രതികരിച്ചത്. മാക്രോണ്‍ രാജിവച്ചാലേ ഇനി ഫ്രാന്‍സുമായി ചര്‍ച്ചയുള്ളൂവെന്നും ബൊല്‍സൊനാരോ പറഞ്ഞു.
ആമസോണ്‍ കാട്ടുതീ ആഗോള പ്രശ്‌നമാണെന്ന് ജി-7 ഉച്ചകോടിക്കിടെ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ബ്രസീലിന്റെ നിലപാടിനെക്കുറിച്ച് ബൊല്‍സൊനാരോ നുണ പറയുകയാണെന്നാണ് മാക്രോണ്‍ ആരോപിച്ചത്. അതേസമയം മാക്രോണിന് കൊളോണിയല്‍ മനോഭാവമാണെന്ന് ബൊല്‍സൊനാരോ കുറ്റപ്പെടുത്തി. മാക്രോണ്‍ മാപ്പ് പറഞ്ഞാലേ ഇനി ഫ്രാന്‍സുമായി ചര്‍ച്ചയുള്ളൂവെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു. അതേസമയം ഒരു ഭാഗത്ത് തീയണയ്ക്കല്‍ നടക്കുന്നുണ്ടെങ്കിലും ബ്രസീലില്‍ 3,859 പുതിയ തീപിടിത്തങ്ങളുണ്ടായതായി റിപോര്‍ട്ടുണ്ട്. ഇതില്‍ 2000 എണ്ണവും ആമസോണ്‍ മേഖലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."