സഊദി സഖ്യസേന ബോംബിങ്; യമന്‍ ജയിലില്‍ 60 മരണം
സന്‍ആ: സഊദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പടിഞ്ഞാറന്‍ യമനിലെ തടവറയില്‍ ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് 60 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. അതേസമയം 100ലേറെ പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഉത്തര ഡാമര്‍ നഗരത്തില്‍ ജയിലായി ഉപയോഗിച്ച കോംപ്ലക്‌സിനു നേരെയാണ് ബോംബാക്രമണം നടന്നതെന്ന് ഹൂതി ആരോഗ്യമന്ത്രാലയ വക്താവ് യൂസുഫ് അല്‍ ഹദ്രി ഹൂതി, വിമതരുടെ കീഴിലുള്ള അല്‍മസീറ ടി.വിയോടു പറഞ്ഞു. ഡമാറിലെ കമ്യൂണിറ്റി കോളജില്‍ 185 യുദ്ധത്തടവുകാരാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
അര്‍ധരാത്രി ഉറങ്ങുന്നതിനിടെയായിരുന്നു വ്യോമാക്രമണമെന്നും ആറു തവണ ബോംബിട്ടെന്നും രക്ഷപ്പെട്ട നാസിം സലാഹ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അവര്‍ ജയിലിനെയാണ് ലക്ഷ്യമിട്ടത്. താഴത്തെ നിലയില്‍ ഞങ്ങള്‍ 100 തടവുകാരാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ മുകളിലും- ചികില്‍സയിലുള്ള നാസിം സലാഹ് പറഞ്ഞു.
അതേസമയം ഡമാറിലെ ഹൂതി സൈനികകേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയതെന്നും ഡ്രോണുകളും മിസൈലുകളും സംഭരിച്ചുവന്ന സ്ഥലമാണ് നശിപ്പിച്ചതെന്നും സഊദി, ദേശീയ ടെലിവിഷനിലൂടെ അവകാശപ്പെട്ടു.
2015ല്‍ ഹൂതികള്‍ യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയെ തലസ്ഥാനമായ സന്‍ആയില്‍ നിന്നും ഉത്തര ഭാഗത്തെ മിക്ക പ്രദേശങ്ങളില്‍ നിന്നും പുറത്താക്കിയതോടെയാണ് സഊദി-യു.എ.ഇ സൈനികസഖ്യം യമനില്‍ സൈനികമായി ഇടപെട്ടു തുടങ്ങിയത്. ഹൂതികളെ തുരത്താനായി ഇതുവരെ സഊദി സഖ്യം 18,000 തവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
എന്നാല്‍ ഈയിടെ സായുധ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് ഹൂതികള്‍ സഊദിയില്‍ ആക്രമണം നടത്തുന്നുണ്ട്. സഊദിയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്കു നേരെയും ഹൂതി ആക്രമണം നടന്നിരുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന വ്യോമാക്രമണത്തില്‍ യമനില്‍ 10,000 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പറയുന്നത്. ലക്ഷക്കണക്കിനു പേര്‍ അഭയാര്‍ഥികളായി രാജ്യം വിടാനും ഇതിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."