മ്യാന്‍മര്‍ വിമാനാപകടം: 31 മൃതദേഹങ്ങള്‍ കണ്ടെത്തി
സാന്‍ ഹലാന്‍ (മ്യാന്‍മര്‍): മ്യാന്‍മറിന്റെ തെക്കന്‍ തീരത്തുണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നു. 122 യാത്രക്കാരില്‍ ഇതുവരെ 31 പേരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ആന്‍ഡമാന്‍ കടലില്‍നിന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് തിരച്ചില്‍ നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് തിരച്ചില്‍ തടസപ്പെടുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മൃതദേഹങ്ങളില്‍ 21 ഉം സ്ത്രീകളുടേതാണ്. എട്ട് കുട്ടികളുടെയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളും കണ്ടെടുത്തുവെന്ന് മ്യാന്‍മര്‍ സൈന്യം അറിയിച്ചു.
മൃതദേഹങ്ങള്‍ സമീപത്തെ ദാവേയ് ടൗണിലെ സൈനിക ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇന്ന് തിരച്ചില്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നും മത്സ്യത്തൊഴിലാളികളുടെ ബോട്ടും തെരച്ചലിനായി രംഗത്തുണ്ടെന്നും പൊലിസ് മേജര്‍ ഓങ് വിന്‍ എ.എഫ്.പിയോട് പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മ്യാന്‍മറില്‍ മണ്‍സൂണ്‍ കാലമാണെങ്കിലും വിമാനാപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാറ്റോ മറ്റോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 18,000 അടി ഉയരത്തില്‍ പറക്കവേ വിമാനത്തിന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."