അനുമോദന സമ്മേളനം നടത്തി
ഏറാമല: ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മുപ്പത് ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പി.ടി.എ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി ജില്ലയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ വിദ്യാലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും, ഹൈസ്‌കൂള്‍, വി.എച്ച് എസ്.ഇ, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടം നിര്‍മിക്കാനായി ഈ വര്‍ഷം എഴുപത് ലക്ഷം രൂപ അനുവദിക്കും. പി.ടി.എ പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കുടിവെള്ള പദ്ധതി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരന്‍ വിതരണം ചെയ്തു.
കെ.കെ ബാലകൃഷ്ണന്‍, എം.വി ചന്ദ്രന്‍, മഞ്ജുഷ മീത്തില്‍, പി.എം പുരുഷോത്തമന്‍, എം.കെ രാഘവന്‍, കെ.കെ കുഞ്ഞമ്മത്, ഇ. രാധാകൃഷ്ണന്‍, സി.കെ വിശ്വനാഥന്‍, കുറുന്ദാറത്ത് രാജന്‍, എം.സി അശോകന്‍, എന്‍.എം ബിജു, വി.പി രാജന്‍, പ്രചിഷ എം.കെ സംസാരിച്ചു.
ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് നേടിയ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മസ്ജിയാ ബാനുവിനും ചടങ്ങില്‍ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."