ഇനി പോരാട്ടം കനക്കും
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ മത്സരങ്ങള്‍ പാതിവഴി പിന്നിട്ടപ്പോള്‍ ഇനി ആരാധകര്‍ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങള്‍. വനിത, പുരുഷ സിംഗിള്‍സില്‍ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ച് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കുമ്പോള്‍ കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍ താരങ്ങള്‍ കൈമെയ് മറന്ന് പോരാടാനിറങ്ങും. പുരുഷ സിംഗിള്‍സിലെ പ്രീക്വാര്‍ട്ടറിലെ പ്രധാന മത്സരങ്ങളില്‍ നൊവാക് ദ്യോകോവിച്ച് സ്റ്റാന്‍ വാവ്‌റിങ്കയെയും റാഫേല്‍ നദാല്‍ മരിന്‍ സിലിച്ചിനെയും റോജര്‍ ഫെഡറര്‍ ഡേവിഡ് ഗോഫിനെയും ഗ്രിഗറി ദിമിത്രോവ് ഡി മിന്വറിനെയും നേരിടും. വനിതാ പ്രീക്വാര്‍ട്ടറില്‍ 2018ലെ ചാംപ്യന്‍ നൊവോമി ഒസാക്ക ബെലിന്‍ഡ ബെന്‍സിച്ചിനെയും അഞ്ചാം സീഡ് എലീന സ്വിറ്റോളിന 10ാം സീഡ് മാഡിസന്‍ കീസിനെയും നേരിടും.
അതേസമയം, 2018ലെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ജേത്രിയും മുന്‍ യു.എസ് ഓപ്പണ്‍ ഫൈനലിസ്റ്റുമായ കരോളിന്‍ വോസ്‌നിയാക്കിയും മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ യെലേന ഒസ്റ്റപെങ്കോയും മൂന്നം റൗണ്ടില്‍ അട്ടിമറി നേരിട്ട് പുറത്തായി.
ലോക 141ാം നമ്പര്‍ താരം അമേരിക്കയുടെ ക്രിസ്റ്റി ആനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 7-5) ഒസ്റ്റപെങ്കോ പരാജയപ്പെട്ടത്. എന്നാല്‍ നിലവിലെ ലോക 15ാം നമ്പര്‍ താരം ബിയാങ്ക ആന്‍ഡ്രീസ്‌കുവിനോടാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ 19ാം നമ്പര്‍ താരവുമായ വോസ്‌നിയാക്കി മുട്ടുമടക്കിയത്. സ്‌കോര്‍ 6-4,6-4.
പുരുഷ സിംഗിള്‍സില്‍ ലോക റാങ്കിങില്‍ തന്നെക്കാള്‍ മുന്നിലുള്ള ജോണ്‍ ഇസ്‌നറെയാണ് മുന്‍ യു.എസ് ഓപ്പണ്‍ ചാംപ്യന്‍ മരിന്‍ സിലിച്ച് പരാജയപ്പെടുത്തിയത്. നിലവില്‍ 14ാം സ്ഥാനത്തുള്ള ഇസ്‌നറെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ 23ാം നമ്പര്‍ താരവുമായ സിലിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 3-6, 7-6, 6-4.
അമേരിക്കയുടെ ഡെനിസ് കുഡ്‌ലയെയാണ് കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ ചാംപ്യനായ ദ്യോകോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-4,6-2.
സീഡില്ലാ താരം കൊറിയയുടെ ഹ്യോങ് ചങിനെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കാണ് നദാല്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-3,6-4,6-2. അതേസമയം, നിലവിലെ ലോക 58ാം നമ്പര്‍ താരം ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍ഡസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുന്‍ ചാംപ്യനും നിലവിലെ രണ്ടാം നമ്പര്‍ താരവുമായ ഫെഡറര്‍ വീഴ്ത്തിയത്. സ്‌കോര്‍ 6-2,6-2,6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."