പൊലിസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: ജില്ലയില്‍ വ്യാപകമായി ബി.ജെ.പിയും സി.പി.എമ്മും ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ പൊലിസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല ആവശ്യപ്പെട്ടു. ദിവസങ്ങളായി ജില്ലയില്‍ പലയിടത്തും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നതില്‍ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുകയാണ്.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ജില്ലാ സെക്രട്ടറിയെ ലക്ഷ്യമാക്കി ബോംബെറിഞ്ഞ ഗുരുതര സാഹചര്യത്തില്‍ വരെ എത്തി നില്‍ക്കുന്നു സംഭവപരമ്പര. മോഹനന്‍ മാസ്റ്ററെപോലെ സമുന്നതനായ നേതാവിനും സി.പി.എം ജില്ലാ ആസ്ഥാനത്തിനും നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. ബോംബേറിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്‍പിലെത്തിക്കണം.
കഴിഞ്ഞ ദിവസം തിരുവള്ളൂരിലെ മുസ്‌ലിം ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം. കേന്ദ്രസംസ്ഥാന ഭരണങ്ങളുടെ ബലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട പൊലിസ് ആശയക്കുഴപ്പത്തോടെയും പക്ഷപാതപരമായും സമീപിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ചില സംഭവങ്ങളില്‍ നിരപരാധികള്‍ക്ക് നേരെ 308 വകുപ്പുള്‍പ്പെടെ ചാര്‍ത്തി കേസെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന പൊലിസ് ഗുരുതരമായ ആക്രമണ സംഭവങ്ങളോട് മൃദുസമീപനം സ്വീകരിക്കുകയും കേസെടുക്കുന്നതിന് പോലും തയാറാകുന്നുമില്ല. ഈ നില തുടര്‍ന്നാല്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകരും.പരക്കെ നടക്കുന്ന ആക്രമണങ്ങളില്‍ സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആഭ്യന്തര വകുപ്പും തയാറാകണം. ജില്ലാ കലക്ടര്‍ അടിയന്തരമായി സര്‍വ കക്ഷിയോഗം വിളിക്കണമെന്നും ഉമര്‍ പാണ്ടികശാല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."