പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈമാസം നിലവില്‍വരും
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ അടുത്തയാഴ്ച അവസാനിക്കുന്നതോടെ പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും നിലവില്‍വരും. 2016 ജൂണിലാണ് ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ എം.പി ചെയര്‍മാനായുള്ള നിലവിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചുമതലയേറ്റത്. ഈ കമ്മിറ്റിയുടെ കാലാവധി ജൂണില്‍ അവസാനിച്ചെങ്കിലും ഹജ്ജ് സര്‍വിസുകള്‍ ജൂലൈയില്‍ ആരംഭിക്കുന്നതുള്‍പ്പെടെ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ വരെ നിലവിലെ കമ്മിറ്റി തുടരുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള ചൗധരി മെഹ്ബൂബ് അലി ഖൈസറിന് പകരം വൈസ് ചെയര്‍മാന്‍ ഷൈഖ് ജിനക്കാണ് ചെയര്‍മാന്റെ ചുമതലയുള്ളത്. ഗോവ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാണ് ജിന. ഇന്ത്യയിലേക്കുള്ള ഹജ്ജ് മടക്ക സര്‍വിസുകള്‍ അടുത്തയാഴ്ച സമാപിക്കുന്നതോടെ പുതിയ കമ്മിറ്റി നിലവില്‍ വരും. അടുത്ത ഹജ്ജ് പ്രഖ്യാപനവും പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയാവും നടത്തുക.
മൂന്ന് വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. മൂന്ന് എം.പിമാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതരും രണ്ട് വനിതകളും ഉള്‍പ്പെടെ ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ.സെക്രട്ടറിമാരും ഉള്‍പ്പടെ 23 പേരടങ്ങുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. സര്‍ക്കാര്‍ മാറിയാലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സമയ പരിധി അവസാനിക്കുക. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ അംഗത്തെ വീതം നേരിട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരെ അയക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് പി.കെ അഹമ്മദിനെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുള്ളത്. നിലവിലുള്ള കമ്മിറ്റിയില്‍ നേരിട്ടുള്ള പ്രതിനിധിക്കുള്ള അവസരം കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സോണിലെ പ്രതിനിധിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറ് സോണായി തരം തിരിച്ചിട്ടുണ്ട്. ഈ ആറു സോണിലേക്കുള്ള തെരഞ്ഞെടുപ്പും നേരത്തെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."