2020 മുതല്‍ ബി.എസ്-4 വാഹനങ്ങള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് സിക്‌സ് (ബി.എസ്- 6) പ്രകാരമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബി.എസ്- 4 വാഹനങ്ങള്‍ക്കു രാജ്യത്തു നിരോധനമേര്‍പ്പെടുത്തി. നിരോധനം നീട്ടണമെന്നാവശ്യപ്പെട്ടുള്ള വാഹന നിര്‍മാതാക്കളുടെ ഹരജി തള്ളിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസുമാരായ മധന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രിംകോടതി ബെഞ്ചിന്റെ തീരുമാനം. കോടതി ഉത്തരവോടെ 2020 ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ്- 6 മാനദണ്ഡ പ്രകാരമുള്ള എന്‍ജിനുകളുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂ. നിലവില്‍ ബി.എസ്- 4 വാഹനങ്ങളാണ് രാജ്യത്തെ റോഡുകളില്‍ ഓടുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബി.എസ്- 3 വാഹനങ്ങള്‍ നിരോധിച്ച് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കോടതി നിയമിച്ച പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെ 2020 ഏപ്രില്‍ മുതല്‍ ബി.എസ്- 6 വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂയെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഈ വിജ്ഞാപനം ചോദ്യംചെയ്ത് വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സാണ് സുപ്രിംകോടതിയെ സമീപിച്ചത്. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായി വില്‍പ്പനയ്ക്കായി വച്ച ബി.എസ്- 6 അല്ലാത്ത വാഹനങ്ങള്‍ വില്‍ക്കാനുള്ള സാവകാശം വേണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. 2020 ഏപ്രില്‍ ഒന്ന് എന്ന കാലപരിധി നിശ്ചയിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാവുമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, ഇതിനെ അമികസ്‌ക്യൂറി അപരാജിതാ സിങ് എതിര്‍ത്തു. ഇതോടെ കോടതി ഹരജി തള്ളുകയായിരുന്നു.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം ബി.എസ്- 6 വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ വൈകുന്നത് പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ജസ്റ്റിസ് മധന്‍ ബി. ലോക്കൂര്‍ നിരീക്ഷിച്ചു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ആരോഗ്യം വേണോ സമ്പത്ത് വേണോ എന്നൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം ഒരാള്‍ക്ക് സമ്പത്ത്, ആരോഗ്യം എന്നിവയില്‍ ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവുകയും ആ വ്യക്തി സമ്പത്ത് തെരഞ്ഞെടുക്കുകയും ചെയാല്‍ അത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ വാഹന നിര്‍മാതാക്കളുടെ അത്യാഗ്രഹത്തിന് മുന്‍ഗണന നല്‍കലാവും. വാഹന നിര്‍മാതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി വ്യക്തമാക്കി.
വാഹന എന്‍ജിനില്‍നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതാണ് ഭാരത് സ്റ്റേജ് (ബി.എസ്) മാനദണ്ഡം. വാഹനത്തിന്റെ എന്‍ജിനില്‍ മാറ്റംവരുത്തിയാണ് ഭാരത് സ്‌റ്റേജ് ഉയര്‍ത്തുന്നത്. ബി.എസ്- 3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്- 4 വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവാണെന്നു കണ്ടെത്തിയിരുന്നു.
കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍സ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷപദാര്‍ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്- 6 വരുന്നതോടെ വാഹനങ്ങളില്‍ നിന്നുപുറത്തുവരുന്ന മലിനീകരണ തോത് വീണ്ടും കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."