മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈേയറ്റം
കോഴിക്കോട്: സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. സി.പി.എം പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നോടെ
നേതാക്കളുടെ നിര്‍ദേശം ലംഘിച്ച് മാനാഞ്ചിറയ്ക്കും പാളയത്തിനും ഇടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷക്കാരെ ഭീഷണിപ്പെടുത്തുന്നത് പകര്‍ത്തുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ എ. സനേഷിന്റെ കാമറ പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ഫാട്ടോഗ്രാഫര് പി. അഭിജിത്തിനെയും സി.പി.എമ്മുകാര്‍ കൈയേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണത്തിന്റെ ഫോട്ടോഗ്രാഫര്‍ ശ്രീജേഷിനെ മര്‍ദിക്കുകയും കാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോവുകയും ചെയ്തു.
കൈയേറ്റം അറിഞ്ഞെത്തിയ സി.പി.എം ജില്ലാ നേതാക്കള്‍ നഷ്ട പരിഹാരം നല്‍കുമെന്ന് പറഞ്ഞു. കാമറ തകര്‍ക്കപ്പെട്ട സനേഷിന് പുതിയത് വാങ്ങി നല്‍കാനുള്ള നടപടിയും പാര്‍ട്ടി സ്വീകരിക്കുമെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി രാജേഷിന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്ററും മുന്‍ മേയര്‍ എം. ഭാസ്കരനും ഉറപ്പു നല്കി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സനേഷ് വായ്പയെടുത്താണ് കാമറ വാങ്ങിയത്. കാമറ ശരിയാക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ടെന്ന് സനേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."