ആധാരപണയം ഫീസ്: നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: ആധാര പണയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന അതേ ഫീസു തന്നെ അവ തിരിച്ചെടുക്കുമ്പോഴും പണയം ഒഴിയുമ്പോഴും റദ്ദാക്കുമ്പോഴും ഈടാക്കുന്നതിന് 1908ലെ രജിസ്‌ട്രേഷന്‍ ആക്ടിലെ ഫീസ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പണയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസായി ജാമ്യത്തുകയുടെ 0.1 ശതമാനമാണ് ഈടാക്കുന്നത്. എന്നാല്‍ റിലീസ് ഡീഡ് രജിസ്റ്റര്‍ ചെയ്യാന്‍ 2 ശതമാനം ഫീസ് വേണ്ടി വരുന്നു. ഇതുമൂലം ജനങ്ങള്‍ക്കുള്ള പ്രയാസം ഒഴിവാക്കുന്നതിനാണ് ഫീസ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്കു മാരകമായ അസുഖങ്ങള്‍ക്കു ചികിത്സ വേണ്ടിവന്നാല്‍ ഓരോ അംഗത്തിനും പരമാവധി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ച് ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സ് അടക്കം 12 തസ്തികകള്‍ സൃഷ്ടിക്കാനും കേരള അഭിഭാഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടതല്‍ സുതാര്യമാക്കുന്നതിനും ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടിയും വില്‍പനയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും കേരള അഭിഭാഷക ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു. ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്തു തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തു തേങ്ങയുടെ വില 75 രൂപയായും വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."