ബാലുശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ബി.ജെ.പി ഓഫിസ് എറിഞ്ഞ് തകര്‍ത്തു
ബാലുശ്ശേരി: സി.പി.എം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ബി.ജെ.പി ഓഫിസ് തകര്‍ന്നു. കല്ലേറില്‍ മൂന്ന് ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.ബാലുശ്ശേരി ആര്‍.എസ്.എസ് കാര്യാലയവും അടിച്ചു തകര്‍ത്തു.
സി.പി.എം.ഇന്നലെ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് രാവിലെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബി.ജെ.പി.ഓഫിസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വൈകുന്നേരം ബി.ജെ.പി ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. അര മണിക്കൂര്‍ കഴിഞ്ഞ് സി.പി.എം നടത്തിയ പ്രകടനം ബി.ജെ.പി ഓഫിസിനു മുന്നിലെത്തിയപ്പോള്‍ പ്രകടനക്കാരുടെ ഇടയിലേക്ക് ഒരു കല്ല് വന്ന് വീണതോടെയാണ് സംഘര്‍ഷഭരിതമായത്. റോഡില്‍ കൂട്ടിയിട്ട കരിങ്കല്‍ കഷണങ്ങളെടുത്ത് ബി.ജെ.പി ഓഫിസിന്റെ ചില്ലുകളും ഓടുകളും പ്രകടനക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ഓഫിസില്‍ നിന്ന് തിരിച്ചും കല്ലേറുണ്ടായി.ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ ഇരു വിഭാഗത്തെയും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. സി.ഐ കെ.സുഷീറിന്റെ നേതൃത്വത്തില്‍ പൊലിസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ തുരത്തിയത്. ഇതിനിടെ ആര്‍.എസ്.എസ് ബാലുശ്ശേരി കാര്യാലയവും തകര്‍ത്തു. കാര്യാലയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തൊട്ടടുത്ത കിണറിലിട്ടു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് താമരശ്ശേരി ഡി.വൈ.എസ്.പി. പി. അഷ്‌റഫിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പി നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണ് ബാലുശ്ശേരിയില്‍ നടന്നിട്ടുള്ള അക്രമത്തിന് പിന്നിലെന്നും ഇതില്‍ നിന്നും നേതാക്കള്‍ ഇടപെട്ട് അണികളെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ സംഘ്പരിവാറിനെ നശിപ്പിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ അജണ്ടയാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്നും ബി.ജെ.പി മേഖലാ പ്രസിഡന്റ് വി.വി രാജനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."