ചോരവീഴ്ത്തി നട അടപ്പിക്കാന്‍ ആളുകളെ നിര്‍ത്തിയിരുന്നു: രാഹുല്‍ ഈശ്വര്‍
കൊച്ചി: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ ചോരവീഴ്ത്തി അശുദ്ധമാക്കി നട അടപ്പിക്കാന്‍ ആളുകളെ നിര്‍ത്തിയിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ചോരയോ, മൂത്രമോ സന്നിധാനത്ത് വീണാല്‍ മൂന്നു ദിവസത്തേക്ക് നടഅടച്ചിടണമെന്നാണ് ചട്ടം. അതിന് ആരുടെയും അനുവാദം വേണ്ട.
കൈ ഞരമ്പ് മുറിച്ചു ചോര വീഴ്ത്താന്‍ തയാറായി 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നു. ഒരു രക്ഷയുമില്ലെങ്കില്‍ പ്രയോഗിക്കാനായി കരുതിവച്ച പദ്ധതിയായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താതെ രാഹുല്‍ ഈശ്വര്‍ ഒഴിഞ്ഞുമാറി. വിശ്വാസികള്‍ എന്തു വില കൊടുത്തും സ്ത്രീപ്രവേശനം തടയുമെന്ന് ഉറപ്പിച്ചുനിന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ജാതി സ്പര്‍ധ വളര്‍ത്തുന്നതാണെന്നും ഇതിനെതിരെ 153 (എ) 295 (എ )എന്നീവകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.
ശബരമിലയില്‍ സംഭവിച്ച കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള അനുവാദം ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രി നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."