സര്‍വകലാശാലകളുടെ അനധ്യാപക നിയമന നീക്കത്തിന് കടിഞ്ഞാണ്‍
മലപ്പുറം: പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധ്യാപക നിയമനങ്ങള്‍ നടത്താനുള്ള സര്‍വകലാശാലകളുടെ നീക്കത്തിനു മൂക്കുകയര്‍.
അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കുവിട്ടത് മാനിക്കാതെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നിയമന നീക്കം തുടങ്ങിയതോടെയാണ് ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് അടിയന്തരമായി ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്്.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങളെല്ലാം പി.എസ്.സി.ക്കു കൈമാറി 2015 സെപ്റ്റംബര്‍ 29നു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളെ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. പുതിയ ഒഴിവുകളില്‍ സര്‍വകലാശാലകള്‍ സ്വന്തംനിലയ്ക്ക് നിയമനം നടത്തുന്നത് തടഞ്ഞ് നിരവധി കോടതി വിധികളും ഉണ്ടായിരുന്നു. എന്നാല്‍ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് പല അനധ്യാപക തസ്തികളിലും സര്‍വകലാശാലകള്‍ സ്വന്തം നിലയ്ക്ക് നിയമനം നടത്തിവന്നിരുന്നത്.
സര്‍വകലാശാലകളിലെ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ക്ക് നിലവില്‍ പി.എസ്.സി വഴി നിയമനം നടക്കുന്നുണ്ട്്. അസിസ്റ്റന്റായി 1800ലേറെപ്പേര്‍ക്കും കംപ്യൂട്ടര്‍ അസിസ്റ്റന്റായി 600ഓളം പേര്‍ക്കും വിവിധ സര്‍വകലാശാലകളില്‍ പി.എസ്.സി വഴി നിയമനം ലഭിച്ചുവെന്നാണ് വിവരം.
ഇതുകൂടാതെ അനധ്യാപക മേഖലയില്‍മാത്രം വിവിധ തസ്തികകളിലായി ആയിരക്കണക്കിന് ഒഴിവുകളുള്ള സര്‍വകലാശാലകളുടെ നിലവിലുള്ള നിയമാവലിയില്‍(സ്റ്റാറ്റിയൂട്ടുകളില്‍) മാറ്റം വരുത്താത്തതാണ് പി.എസ്.സിയെ നോക്കുകുത്തിയാക്കി ഏകപക്ഷീയ നിയമനത്തിന് അവസരമൊരുക്കിയിരുന്നത്.
ഇതുമറികടക്കാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകള്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷന് വിട്ടതുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്റ്റാറ്റിയൂട്ടുകളില്‍ മാറ്റം വരുത്തി ഏകീകരിക്കാനാണ് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്്.
കോഴ്‌സുകളുടെ അംഗീകാരം പോലുള്ള നിരവധി കാര്യങ്ങളില്‍ വിവിധ സര്‍വകലാശാലകളില്‍ ഏകീകൃത സ്വഭാവം ഉണ്ടാക്കുന്നതിനും പുതിയ നീക്കം സഹായകമാവും.
സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ടുകളില്‍ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദേശം തയാറാക്കുന്നതിനായി ഒരോ സര്‍വകലാശാലയില്‍ നിന്നും രണ്ടു വിദഗ്ധരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഉത്തരവിട്ടു. ഇതിനായി സേവനത്തിലുള്ളവരെയോ വിരമിച്ചവരെയോ പരിഗണിക്കാം.
ഇത് ഏകോപിപ്പിച്ച് നിലവിലുള്ള സ്റ്റാറ്റിയൂട്ടുകളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച കരട് നിര്‍ദേശം സമര്‍പ്പിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്്. രണ്ടുമാസത്തിനകം കരട് നിര്‍ദേശം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍, കേരള സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫിസര്‍, കുസാറ്റില്‍ ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനത്തിനായി ഇതിനകം അതത് സര്‍വകലാശാലകള്‍ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."