ചള്ളിക്കടപ്പുറത്ത് കടലമ്മ നല്‍കിയത് കണ്ണീര്‍ച്ചാകര
അമ്പലപ്പുഴ:ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകരപ്രതീക്ഷിച്ചെത്തിയ മത്സ്യത്തൊഴികള്‍ക്ക് കടല്‍ നല്‍കിയത് കണ്ണീര്‍ച്ചാകര.പുന്നപ്ര ചളളിക്കടപ്പുറത്ത് സാധാരണ ഉത്സവപ്രതീതിയായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കടലെടുത്തത് മത്സ്യത്തൊഴിലാളികളുടെ സര്‍വ്വതുമായിരുന്നു.
ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വള്ളങ്ങള്‍ ചള്ളിക്കടപ്പുറത്ത് നങ്കൂരമിട്ടിരുന്നത്. മത്സ്യബന്ധനത്തിനുശേഷം കരക്കെത്തിച്ച വള്ളങ്ങളാണ് രാത്രി 12 ഓടെ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍ ഒഴുകി പോയത്. 27 ഓളം വള്ളങ്ങള്‍ തകര്‍ന്നതോടെ നഷ്ടപ്പെട്ടത് നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗം. ചെറുതും വലുതുമായ വള്ളങ്ങള്‍ക്കൊപ്പം ഇവയുടെ എഞ്ചിനുകളും വലകളും മറ്റ് ഉപകരണങ്ങളും തകര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ മത്സ്യത്തൊഴിലാകളും നടുക്കടലിലായി.
പ്രാഥമിക കണക്കനുസരിച്ച് ഏകദേശം 20 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 60 മുതല്‍ 65 ലക്ഷം രൂപ വരെ വിലയുളള വലിയ വളളങ്ങളും അപകടത്തില്‍ തകര്‍ന്നതാണ് നഷ്ടം ഇത്രയേറെ ഉയരാന്‍ കാരണമായത്. രാത്രിയിലാരംഭിച്ച കടലാക്രമണത്തില്‍ ഏകദേശം 300 മീറ്ററോളം കരയിലേക്ക് തിരമാല അടിച്ചുകയറിയിരുന്നു. എന്നാല്‍ കരയിലുണ്ടായിരുന്ന 60 ഓളം വളളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവായി. പിന്നീട് കായംകുളത്തുനിന്ന് ഫിഷറീസിന്റെ ബോട്ട് എത്തിയാണ് അപകടത്തില്‍പ്പെട്ട വളളങ്ങള്‍ കരക്കെത്തിച്ചത്.
എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് മത്സ്യതൊഴിലാളികള്‍ രണ്ടു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. രാവിലെ 7.45 ഓടെയാണ് ദേശീയപാതയില്‍ പുന്നപ്ര കളത്തട്ട് ജംഗ്ഷനു സമീപം എ.കെ.ഡി.എസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ പ്രദീപ്, കരയോഗം സെക്രട്ടറി അഖിലാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു തൊഴിലാളികള്‍ ഉപരോധ സമരം നടത്തിയത്.
അപകടമുണ്ടായ പുലര്‍ച്ചെ രണ്ടു മുതല്‍ തന്നെ ധീവരസഭാ നേതാക്കള്‍ സഹായമഭ്യര്‍ത്ഥിച്ച് റവന്യൂ, കോസ്റ്റല്‍ ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരെ പലതവണ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തിയില്ലെന്നാണ് ആക്ഷേപം. അപകടത്തില്‍പെട്ട വളളങ്ങള്‍ കരക്കെത്തിക്കുക, കരയിലുളള വളളങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക, മത്സ്യതൊഴിലാളികള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ദേശീയപാത ഉപരോധിച്ചത്. ആലപ്പുഴ സൗത്ത് സി.ഐ.കെ.എന്‍ രാജേഷ് പുന്നപ്ര എസ്.ഐ ഇ. ഡി ബിജു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഉപരോധത്തില്‍ നിന്ന് പിന്മാറാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറായില്ല. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ജില്ലാകളക്ടര്‍ നേരിട്ടെത്തി ഉറപ്പുനല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നീട് തഹസീല്‍ദാര്‍ ആശ, ഡി.വൈ.എസ് പി.എം.ഇ ഷാജഹാന്‍ എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി.
അപകടത്തില്‍പ്പെട്ട വളളങ്ങള്‍ കരക്കെത്തിക്കാന്‍ കായംകുളത്തുനിന്ന് ഫിഷറീസിന്റെ ബോട്ട് എത്തിക്കാമെന്നും മറ്റാവശ്യങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാമെന്നുമുളള തഹസീല്‍ദാറിന്റെ ഉറപ്പിന്മേല്‍ ഒമ്പതോടെ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തെതുടര്‍ന്ന് ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. അമ്പലപ്പുഴ സി.ഐ വിശ്വംഭരന്‍, തീരദേശ പോലീസ് സ്റ്റേഷന്‍ സി.ഐ പ്രദീപ് ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."