ദുരന്ത നിവാരണ സേന ആസ്ഥാനം; മാറ്റരുതെന്ന് മുല്ലപ്പള്ളി
വടകര: കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ബറ്റാലിയന്‍ പേരാമ്പ്രയിലെ എരവട്ടൂരില്‍നിന്നും എറണാകുളത്തേക്ക് മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. മുക്കാളിയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രത്യേകമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് മലബാറിന് ദുരന്തനിവാരണ സേനയുടെ ആസ്ഥാനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്. പേരാമ്പ്രയിലെ എരവട്ടൂരില്‍ ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. മലബാറില്‍ അടിക്കടിയുണ്ടാകുന്ന മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലുകളും ബറ്റാലിയന്‍ സ്ഥാപിക്കുന്നതിനുള്ള പ്രസക്തി വര്‍ധിപ്പിക്കുന്നു. പ്രാദേശിക വികാരമല്ല മലബാറിന്റെ പ്രത്യേകതയാണ് ഇതുപറയുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തു മാത്രമാണ് സേനയുടെ ബറ്റാലിയനുള്ളത്. ദുരന്തങ്ങളുണ്ടായാല്‍ അവര്‍ക്ക് ഇവിടെയെത്താന്‍ കാലതാമസമെടുക്കും. എം.പിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."