ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം എട്ടായി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്
മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭാ പരിധിയിലെ പത്ത് വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ പനിയും തൊണ്ടവേദനയും കാരണം കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തുടര്‍ന്ന് പി.സി.ആര്‍, സ്വാബ് കള്‍ച്ചര്‍ എന്നിവ മണിപ്പാല്‍ വൈറോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്കാണ് ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം പകുതി പിന്നിടുമ്പോഴേക്കും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
രോഗം ബാധിച്ചവരുടെ വീടിന് ചുറ്റുപാടുമുള്ള 100 വീടുകളില്‍ സര്‍വെ നടത്തിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കൂടാതെ രോഗം ബാധിച്ച കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗപ്രതിരോധത്തിനായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പും നടത്തിവരുന്നുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ 1200ലധികം പേര്‍ക്ക് കൃത്യമായി കുത്തിവയ്പ് നല്‍കാന്‍ സാധിച്ചിട്ടില്ല.
ഇത് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറെയിന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന രോഗാണു ഉണ്ടാകുന്നത് വായുവില്‍ക്കൂടിയാണ്. പകരുന്ന രോഗമാണ് തൊണ്ടമുള്ള് എന്ന് വിളിക്കുന്ന ഡിഫ്തീരിയ. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും വേഗം വൈദ്യസഹായം തേടണം.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാം. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഹൃദയം, മസ്തിഷ്‌കം, നാഡിഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണകാരണമാകുന്നു. മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസമുണ്ടായും മരണം സംഭവിക്കാം. കുട്ടികളിലാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്. രോഗപ്രതിരോധത്തിനുള്ള ഏകമാര്‍ഗം യഥാസമയത്തുള്ള രോഗപ്രതിരോധ കുത്തിവയ്പ് മാത്രമാണ്.
ഇനിയും പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടില്ലാത്ത കുട്ടികള്‍ക്ക് കുത്തിവയ്പ്നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."