മുഷ്ടികൊണ്ടല്ല, ബുദ്ധികൊണ്ടാണ് മികവു കാട്ടേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: മുഷ്ടിയുപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ചാണ് പൊലിസ് മികവു കാണിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം മുറയും ലോക്കപ്പ് മര്‍ദനവും നടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 31-ാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1957 ലെ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ അംഗീകരിച്ച പൊലിസ് നയത്തില്‍ തന്നെ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ഇതു നിലനില്‍ക്കുന്നുവെന്നത് ഒട്ടും അഭിമാനകരമല്ല. ഇത്തരം വൈകല്യം തുടരുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പൊലിസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. അന്വേഷണത്തില്‍ തല്‍പരകക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പൊലിസില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ഒരു കേസില്‍ സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെയാണ് പൊലിസ് പ്രവര്‍ത്തിച്ചത്. 'മൃദു ഭാവേ ദൃഢ ചിത്തേ'യെന്ന ആപ്തവാക്യത്തിലൂടെ കേരളപൊലിസ് നേടിയെടുത്ത മികവാകെ ഈ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയി.
റോഡ് അപകടക്കേസുകളില്‍ നല്ല നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ കേസ് ഫ്രെയിം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ ഒരു വിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണം. കണ്ടുപിടിച്ചാല്‍ ആ സ്ഥാനത്തു മാത്രമല്ല, സര്‍വിസിലും ഉണ്ടാവില്ലെന്ന് ഓര്‍ക്കണം. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിന് കേരള പൊലിസ് മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."