'ദിശ' പകര്‍ന്നു നല്‍കുന്നത് ഒരു പതിറ്റാണ്ടിന്റെ സ്‌കൂള്‍ ചരിത്രം
മുക്കം: വിദ്യാലയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വേറിട്ട കാഴ്ചയായ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദിശ മുഖപത്രം പതിറ്റാണ്ടിന്റെ നിറവില്‍. കെട്ടിലും മട്ടിലും ഒരു പത്രത്തിന്റെ എല്ലാ സവിശേഷതയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ദിശ പുറത്തിറങ്ങുന്നത്.
സ്‌കൂളിന്റെ കഴിഞ്ഞ വര്‍ഷങ്ങളുടെ ചരിത്ര രേഖയാകാന്‍ ദിശക്ക് കഴിയുന്നു എന്നതാണ് പത്രത്തിന്റെ പ്രത്യേകതയെന്ന് അധ്യാപകര്‍ പറയുന്നു. 1500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ കുട്ടികളുടെയും സ്‌കൂളിന്റെയും വിശേഷങ്ങളുമായെത്തുന്ന ദിശയെ രണ്ടു കൈയ്യും നീട്ടിയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിക്കുന്നത്. കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന പ്രതിഭകളെ ദിശ പരിചയപ്പെടുത്തുന്നു. കുട്ടികളുടെ മികച്ച രചനകളാണ് ഇതില്‍ ഇടം പിടിക്കുന്നത്. വിദ്യാര്‍ഥികളില്‍ മാധ്യമ പഠനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ബാലപഠനങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ വര്‍ഷങ്ങളിലും കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ ശില്‍പശാലയും ദിശ രാജ്യാന്തര ചലചിത്ര മേളയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ദിശ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്. കുട്ടികളടങ്ങുന്ന ഒരു പത്രാധിപ സമിതിയും അധ്യാപകരടങ്ങുന്ന ഒരു ഉപദേശക സമിതിയുമാണ് ദിശയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്‌കൂളില്‍ ഇറങ്ങുന്ന മികച്ച ക്ലാസ് മാഗസിനുകള്‍ക്ക് ദിശ പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പത്ത് വര്‍ഷത്തോളമായി ദിശക്ക് നേതൃത്വം നല്‍കുന്ന എന്‍.കെ സലീം മാസ്റ്ററെ മാധ്യമപ്രവര്‍ത്തകന്‍ ഒ. അബ്ദുറഹ്മാന്‍ ഉപഹാരം നല്‍കി ആദരിച്ചു.
ദിശയുടെ ദശവാര്‍ഷിക പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ. ശരീഫുദ്ദീന്‍ അധ്യക്ഷനായി. ഡോ. കൂട്ടില്‍ മുഹമ്മദലി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ യു.പി മുഹമ്മദലി, നഗരസഭ കൗണ്‍സിലര്‍ എ. അബ്ദുല്‍ ഗഫൂര്‍, ബന്ന ചേന്ദമംഗല്ലൂര്‍, പുതുക്കുടി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ എ.പി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആര്‍.മൊയ്തു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."