പട്ടികജാതി സ്ത്രീക്ക് മര്‍ദനം: തൊടുപുഴ സി.ഐയ്‌ക്കെതിരേ പരാതി
തൊടുപുഴ: നടപ്പുവഴിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പട്ടികജാതി വിഭാഗത്തില്‍പെട്ട സ്ത്രീക്ക് മര്‍ദനമേറ്റതായി പരാതി.
തൊടുപുഴ വടക്കേല്‍ ബിജുവിന്റെ ഭാര്യ ഗീതയാണ് തൊടുപുഴ സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്ഥലത്ത് കല്ലിറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഭവങ്ങളുടെ തുടക്കം.
ഇത് കോടതിയുടെ മുന്നിലിരിക്കുന്ന കേസാണെന്നും കല്ലിറക്കരുതെന്നും പറഞ്ഞ് തന്നെ സി.ഐയുടെ ഒപ്പമുണ്ടായിരുന്ന എസ്.ഐ തള്ളി വീഴിച്ചതായും സി.ഐ ഫോണ്‍ പിടിച്ചുവാങ്ങിയതായും ഇവര്‍ ആരോപിച്ചു. ഇവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സ്ത്രീയെ കൈയേറ്റം ചെയ്‌തെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് സി.ഐ എം.ജി ശ്രീമോന്‍ പറഞ്ഞു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ഥലത്ത് പോയത്. ആള്‍ത്താമസമില്ലാത്ത അയല്‍വാസിയുടെ ഭൂമിയില്‍ അതിക്രമിച്ചു കടന്ന് റോഡ് വെട്ടിയെന്ന പരാതി അന്വേഷിക്കാനാണു തന്റെ നേതൃത്വത്തില്‍ വനിതാ പൊലിസുകാരുള്‍പ്പടെയുള്ള സംഘം അവിടെ പോയത്.
യാതോരുവിധ ബലപ്രയോഗവും നടന്നിട്ടില്ല. അവിടെ എത്തിയ നിരവധിയായ നാട്ടുകാര്‍ അതിനു സാക്ഷികളാണ്.വഴിവെട്ടിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരമൊരു കള്ളപരാതിക്കു പിന്നിലെന്നും സിഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."