നടുവേദനയെ അറിയാം
ഇപ്പോള്‍ പ്രായഭേദമന്യേ നിരവധിയാളുകളെ നിത്യേന ബുദ്ധിമുട്ടിലാക്കുന്ന അസുഖമാണു നടുവേദന. ആധുനിക ജീവിത ശൈലിയുടെ പ്രത്യേകതകള്‍ കൊണ്ടുണ്ടാകുന്ന ശാരീരിക വിഷമതകളില്‍ പ്രഥമസ്ഥാനം നടുവേദനയ്ക്കായിരിക്കും. സ്ത്രീകളിലും പുരുഷന്‍മാരിലും പല കാരണങ്ങള്‍ കൊണ്ടു നടുവേദന ഉണ്ടാകാം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതു കൂടുതല്‍, പ്രത്യേകിച്ച് മധ്യവയസ്‌ക്കരായ സ്ത്രീകളില്‍. നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ചിലതിനെക്കുറിച്ചും പൊതുവായ പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും അറിയാം.
നടുവേദന ഉണ്ടാകുന്നത്
ആരോഗ്യമുളള ഒരു മനുഷ്യന്റെ നട്ടെല്ലു ശക്തിയുളളതും വഴക്കമുളളതും ആയിരിക്കും. നട്ടെല്ലിന്റെ സുഗമമായ ചലനങ്ങള്‍ക്കു തടസം നേരിടുമ്പോഴാണു സാധാരണയായി നടുവേദന ഉണ്ടാകുന്നത്.
♦♦♦♦♦♦♦ കാരണങ്ങള്‍ ♦♦♦♦♦♦♦
ഡിസ്‌ക് സ്ഥാനം തെറ്റല്‍
നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണു ഡിസ്‌കിനുണ്ടാകുന്ന ക്ഷതം. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബിള്‍ ഡിസ്‌കിന്റെ പുറംപാടയ്ക്കു തകരാര്‍ സംഭവിക്കുന്നു. ഇതുമൂലം ഉളളിലുളള ജെല്ലി പോലുളള വസ്തു പുറത്തേക്കു തളളി അടുത്തുളള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.
ഓസ്റ്റിയോപൊറോസിസ്
ഹോര്‍മോണുകളുടെ അളവിലും പ്രവര്‍ത്തനത്തിലുമുളള അപര്യാപ്തത കാരണം എല്ലിന്റെ ഘടനയ്ക്ക് വ്യത്യാസം വരാം. ഇതു ബലക്ഷയം, ഒടിവ് എന്നിവ ഉണ്ടാക്കും.
ഇന്‍ഫ്‌ളമേറ്ററി ബാക്ക് പെയ്ന്‍
മൂന്നു മാസത്തിലേറെയായി അനുഭവപ്പെടുന്ന നടുവേദന, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനയും പിടുത്തവും അധികരിക്കുക. മറ്റ് സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും എന്നീ രോഗ ലക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
തേയ്മാനം
പ്രായമാകുന്നതോടെ ഡിസ്‌കിന്റെ ബലക്ഷയം മൂലം കശേരുകള്‍ക്കിടയില്‍ സ്‌പോഞ്ചു പോലുളള ഡിസ്‌ക് വരണ്ട സ്വഭാവമുളളതാകുന്നു. ഇങ്ങനെ മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ഇതു നട്ടെല്ലിന്റ ഘടനയ്ക്കു വ്യത്യാസം വരുത്തുകയും തന്‍മൂലം ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.
ി ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യം
ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പുളള കാലം, ആര്‍ത്തവ കാലം എന്നീ സമയങ്ങളിലുളള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കും.
മറ്റു കാരണങ്ങള്‍
- നട്ടെല്ലിന്റെ ക്രമാതീതമായ വളവ്
- നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍
- ക്ഷയം
- കശേരുക്കളുടെ സ്ഥാനഭ്രംശം
- കാന്‍സര്‍
- കശേരുക്കളിലുണ്ടാകുന്ന പൊട്ടല്‍
- ഗര്‍ഭാവസ്ഥ
- ജന്‍മനാ കശേരുക്കളിലുണ്ടാകുന്ന വൈകല്യങ്ങള്‍
ജീവിതരീതിയിലെ മാറ്റം
തിരക്കു പിടിച്ചുളള ഇന്നത്തെ ജീവിത ശൈലിയും നടുവേദനയ്ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്.ശരീരം ഇളകാതെയുളള ജീവിതരീതിയാണ് ഇന്നുളളത്. വസ്ത്രം കഴുകുന്നതിനും അരയ്ക്കുന്നതിനും മുറി തുടയ്ക്കുന്നതിനുമൊക്കെ ഇന്ന് യന്ത്രങ്ങളെ ആശ്രയിക്കുന്നു. വ്യായാമരാഹിത്യം എടുത്തു പറയേണ്ടതാണ്.
ഇവ കൂടാതെ അത്യധികമായ കായികാധ്വാനം, അമിതമായ ശരീരഭാരം, കൂനിക്കൂടിയുളള നടപ്പ്, കൂനിക്കൂടി ഇരുന്നുളള ഡ്രൈവിങ്, ശരീരം വളഞ്ഞുളള നില്‍പ്പ്, കംപ്യൂട്ടറിനു മുന്നിലുളള അനിയന്ത്രിതമായ ഇരിപ്പ്, നിരപ്പില്ലാത്ത പ്രതലത്തിലെ ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിവയും നടുവേദനയുണ്ടാക്കും.
ശരീരനില നന്നാക്കുക
നട്ടെല്ലിന്റെ സ്വഭാവികമായുളള വളവുകള്‍ നിലനിര്‍ത്തിക്കൊണ്ടു നിവര്‍ന്നു നിന്നു ശീലിക്കുക. കൂനിക്കൂടി നില്‍ക്കുന്നത് ഒഴിവാക്കുക.
ഭാരം ഉയര്‍ത്തുമ്പോള്‍
ഭാരമുളള വസ്തു ശരീരത്തോടടുത്തു പിടിച്ചുകൊണ്ടു ഉയര്‍ത്തുക. കാലുകളിലെ ശക്തിയുളള മാംസപേശികള്‍ ഉപയോഗിച്ചു കൊണ്ടു ഭാരം ഉയര്‍ത്തണം. കാല്‍മുട്ടുകള്‍ നിവര്‍ത്തി, നട്ടെല്ല് വളച്ച് ഭാരം ഉയര്‍ത്തരുത്. വലിയ ഭാരം വഹിച്ച്, കാലുകള്‍ നിലത്തുറപ്പിച്ച്, അരക്കെട്ട് വശങ്ങളിലേക്കു തിരിക്കുന്നത് നട്ടെല്ലിന് ക്ഷതം വരുത്തും. കഴിവതും ഭാരം അരക്കെട്ടിന്റെ ഉയരത്തില്‍ പിടിക്കുക.
ശരീരഭാരവും നടുവേദനയും
അമിതവണ്ണം വേണ്ട. എത്രമാത്രം തൂക്കം കൂടുന്നുവോ അത്ര തന്നെ നട്ടെല്ലിന്റെ ആയാസവും കൂടും. കുടവയറും ശക്തി കുറഞ്ഞ മാംസപേശികളും നട്ടെല്ലിന് ആയാസമുണ്ടാക്കും.
എയ്‌റോബിക് വ്യായാമങ്ങളായ നീന്തല്‍, നടത്തം മുതലായവ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നട്ടെല്ലിന്റെ മാംസപേശികളുടെ കാര്യക്ഷമതയും കൂട്ടും. പ്രത്യേക വ്യായാമങ്ങള്‍ നട്ടെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
നടുവേദന ഒരു രോഗലക്ഷണം മാത്രമാണ്. എന്തുകൊണ്ടാണു വേദന വന്നതെന്നു പരിശോധിച്ചു രോഗനിര്‍ണയം നടത്താന്‍ ഒരു ഡോക്ടറുടെ സേവനം തേടണം. വിദഗ്‌ധോപദേശം ലഭിച്ച ശേഷം മാത്രം ചികിത്സാക്രമങ്ങള്‍ പാലിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
ശരീരം പെട്ടെന്നു വളയുന്ന വിധത്തിലുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, ഭാരമുളള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായവരിലും ശാരീരികകാരണങ്ങളാല്‍ സ്ത്രീകളിലുമാണു നടുവേദന പെട്ടെന്നുണ്ടാകുന്നത്.
നട്ടെല്ലിന്റെ സുരക്ഷയ്ക്ക്
നട്ടെല്ലിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഡിസ്‌കുകള്‍ക്കു തകരാറുണ്ടാക്കാം. ശാസ്ത്രീയ സംരക്ഷണമുറകള്‍ അവലംബിച്ച് വേണ്ടവിധം ശ്രദ്ധിച്ചാല്‍ നട്ടെല്ലിന്റെ തകരാറുകള്‍ തടയാം.
സ്ത്രീകളിലെ നടുവേദന
നടുവേദനക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. പ്രത്യേകിച്ചു മധ്യവയസ്‌കര്‍. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് ഇതിനു കാരണം. എല്ലിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന്റെ പങ്കു വലുതാണ്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാത്സ്യം അടിയുന്നതും കുറയുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയുകയും ഇതു നട്ടെല്ലിനെ ബാധിച്ച് നടുവേദന ഉണ്ടാകുകയും ചെയ്യുന്നു.
ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം എന്നിവയും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."