ജീപ്പ് മതിലിലിടിച്ചു മറിഞ്ഞു; ആറു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്
കുറ്റ്യാടി: സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ടു വീട്ടുമതിലിലിടിച്ചു മറിഞ്ഞ് ആറു കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്. കുറ്റ്യാടി കെ.ഇ.ടി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ജീപ്പാണ് ഇന്നലെ രാവിലെ ഒന്‍പതോടെ ഊരത്ത് ചാലമണ്ണില്‍ അപകടത്തില്‍പെട്ടത്.
അപകടത്തില്‍ വിദ്യാര്‍ഥികളായ വേളം പെരുവയലിലെ സഞ്ചയ് ശ്രീനിവാസ്, നയന സുകുമാരന്‍, ഋതുവര്‍ണ ഷാജി, ഊരത്ത് പന്നിവയലിലെ ആവന്തിക വിനോദ്, ശാന്തിനഗറിലെ നിയ സുരേന്ദ്രന്‍, കായക്കൊടിയിലെ മിഹ്‌റ ഫാത്തിമ എന്നിവര്‍ക്കും ഡ്രൈവര്‍ വടയം സ്വദേശി രാമകൃഷ്ണനുമാണ് (55) പരുക്കേറ്റത്. വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതല്ല.
ആറിനും 12നും ഇടയില്‍ പ്രായമുള്ള ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വേളം ശാന്തിനഗര്‍ ഭാഗത്തു നിന്നു കുട്ടികളെ കയറ്റി വരികെയാണ് ജീപ്പ് ചാലമണ്ണില്‍ ഇസ്‌ലാമിയ കോളജിന് സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ത്ത് മറിഞ്ഞു വീണ ജീപ്പില്‍നിന്നു കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ജീപ്പില്‍നിന്നു കുട്ടികളെയും ഡ്രൈവറെയും പുറത്തെടുത്തത്.
സംഭവ സമയം ഒന്‍പത് കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. അതേസമയം നിയന്ത്രണംവിട്ടു മറിയുവാനുള്ള വേഗതയൊന്നും ജീപ്പിനുണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിത ശ്രദ്ധക്കുറവാകാം അപകടത്തിന് ഇടവരുത്തിയതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."